ബാണാസുരസാഗറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Posted on: December 24, 2015 5:24 pm | Last updated: December 24, 2015 at 5:24 pm

raufവയനാട്: ബാണാസുരസാഗര്‍ അണക്കെട്ടിന്റെ റിസര്‍വോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെന്നലോട് പത്തായക്കോട് മമ്മൂട്ടിയുടെ മകന്‍ റൗഫി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റൗഫ് ഈ വര്‍ഷമാണ് കോതമംഗലത്തുനിന്ന് എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയത്. റൗഫ് മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ മുങ്ങിമരിച്ചിരുന്നു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ അംബേദ്കര്‍ കോളനിയിലെ ആനക്കണ്ടി വാസുവിന്റെ മകന്‍ ബാബു(26)വാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ചു സുഹൃത്തുക്കളുമായി റൗഫ് ബാണാസുര സാഗര്‍ പദ്ധതി പ്രദേശമായ തരിയോട് പതിമൂന്നാം മൈല്‍ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് റൗഫ് അപകടത്തില്‍പ്പെട്ടത്. മുങ്ങിത്താഴുന്നതുകണ്ട് സമീപത്തു ജെസിബിയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുകൊണ്ടിരുന്ന ബാബു രക്ഷിക്കാനായി എത്തിയെങ്കിലും രക്ഷാശ്രമത്തിനിടെ ബാബുവും മുങ്ങിത്താഴുകയായിരുന്നു.