ഒറ്റ-ഇരട്ട നമ്പര്‍ പരീക്ഷണം: സ്ത്രീകളെയും സിഎന്‍ജി, ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കി

Posted on: December 24, 2015 12:34 pm | Last updated: December 24, 2015 at 12:34 pm

delhi-air-pollution-traffic-cars-ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ഒറ്റ-ഇരട്ട നമ്പര്‍ വാഹന ഗതാഗത പരിഷ്‌കരണത്തില്‍ നിന്ന് സ്ത്രീ ഡ്രൈവര്‍മാരെയും സിഎന്‍ജി കാറുകളെയും ഇരുചക്ര വാഹനങ്ങളെയും ഒഴിവാക്കി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, ചീഫ് ജസ്റ്റിസ്, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ഡല്‍ഹി ഒഴികെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, സുപ്രീം കോടതി ജഡ്ജിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, അടിയന്തര വാഹനങ്ങള്‍ എന്നിവര്‍ക്കും നിയമത്തില്‍ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി കെജരിവാള്‍ അറിയിച്ചു. തനിക്കും തന്റെ കുടുംബത്തിനും ഈ ഇളവുകള്‍ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ നിയമം അനുശാസിക്കാമന്നും കെജരിവാള്‍ വ്യക്തമാക്കി. ജനുവരി ഒന്ന് മുതല്‍ 15 വരെ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും.

ഒരു ദിവസം ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ഡീസല്‍ വാഹനങ്ങളും അടുത്ത ദിവസം ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന നമ്പറുള്ള കാറുകളും ഓടുക എന്നതാണ് ഒറ്റ-ഇരട്ട നമ്പര്‍ ഫോര്‍മുല. ഇതിലൂടെ ഡല്‍ഹിയിലെ വാഹന സാന്ദ്രത പകുതിയായി കുറക്കാനാകുമെന്നും അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ കുറയുമെന്നും അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തെ ചൈനീസ് തലസ്ഥാനമായ ബാങ്കോംഗില്‍ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു.