സാനിയ-ഹിംഗിസ് ലോക ചാമ്പ്യന്‍മാര്‍

Posted on: December 23, 2015 11:50 pm | Last updated: December 23, 2015 at 11:50 pm

sania-mirza-hingis-world-noലണ്ടന്‍: രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റെ (ഐ ടി എഫ്) ഈ വര്‍ഷത്തെ വനിതാ ഡബിള്‍സ് ചാമ്പ്യന്‍പട്ടം സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്.
2015 ല്‍ ഇന്തോ-സ്വിസ് സഖ്യം വിസ്മയപ്രകടനമായിരുന്നു കാഴ്ചവെച്ചത്. അവസാനം കളിച്ച 22 മത്സരങ്ങളിലും ഇ വര്‍ ജയംകണ്ടു.
യു എസ് ഓപണ്‍ വിജയത്തിന് ശേഷം ഗ്വാംഗ്ഷു ഓപണ്‍, വുഹാന്‍ ഓപണ്‍, ബീജിംഗ് ഓപണ്‍, ഡബ്ല്യു ടി എ ഫൈനല്‍സ് ജയങ്ങളോടെയാണ് ഈ വര്‍ഷം അവസാനിപ്പിച്ചത്. 55-7 ആണ് സീസണിലെ വിജയറെക്കോര്‍ഡ്.
ഐ ടി എഫില്‍ നിന്ന് ഇത്തരമൊരു ബഹുമതി ലഭിച്ചത് വലിയ ആദരവായി കരുതുന്നു. മാര്‍ട്ടിനക്കൊപ്പം തകര്‍പ്പന്‍ വര്‍ഷമായിരുന്നു ഇത്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഞങ്ങള്‍ നിരവധി കിരീടജയങ്ങള്‍ സ്വന്തമാക്കിയത്.
ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. കരിയറില്‍ എനിക്ക് പിന്തുണയേകിയ എല്ലാവരേയും ഈ നിമിഷം ഓര്‍ക്കുന്നു.
എന്റെ കരിയര്‍ വിജയം ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകണമെന്ന് ആശിക്കുന്നു – സാനിയ മിര്‍സ പറഞ്ഞു.
സാനിയക്കൊപ്പം ഈ സീസണില്‍ ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. 2016 ലും സമാനമായ കുതിപ്പ് പ്രതീക്ഷിക്കാം – മാര്‍ട്ടിന ഹിംഗിസ് പറഞ്ഞു.