ഈ വര്‍ഷം യൂറോപ്പില്‍ പത്ത് ലക്ഷം അഭയാര്‍ഥികളെത്തിയതായി യു എന്‍

Posted on: December 23, 2015 5:26 am | Last updated: December 23, 2015 at 12:27 am

യു എന്‍: യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്ക് ഈ വര്‍ഷം കരമാര്‍ഗവും കടല്‍മാര്‍ഗവും 10 ലക്ഷം അഭയാര്‍ഥികളും കുടിയേറ്റക്കാരും എത്തിയതായി യു എന്‍ അഭയാര്‍ഥി ഏജന്‍സിയും കുടിയേറ്റക്കാരുടെ അന്താരാഷ്ട്ര സംഘടനയും വ്യക്തമാക്കി. യു എന്‍ എച്ച് സി ആറും ഐ ഒ എമ്മും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ കണക്കുകളുള്ളത്. ഗ്രീസില്‍ മാത്രം 8,21,008 പേരാണ് എത്തിയിട്ടുള്ളത്. ഇതില്‍ പകുതിയോളം പേര്‍ ബള്‍ഗേറിയ, ഇറ്റലി, സ്‌പെയിന്‍, മാള്‍ട്ട, സൈപ്രസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 21 ശതമാനം പേര്‍ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് സിറിയയില്‍ നിന്ന് പലായനം ചെയ്തവരാണ്. മറ്റ് 20 ശതമാനം പേര്‍ അഫ്ഗാനില്‍ നിന്നും ഏഴ് ശതമാനം പേര്‍ ഇറാഖില്‍നിന്നുമുള്ളവരാണ്. കുടിയേറ്റത്തിനിടെ ഏകദേശം 4,000 പേരെ കാണാതാവുകയോ കടലില്‍ മുങ്ങിപ്പോവുകയോ ചെയ്തിട്ടുണ്ടെന്ന് ഐ ഒ എം തലവന്‍ പറഞ്ഞു. അടുത്ത വര്‍ഷവും ഇത്ര തന്നെ ആളുകള്‍ യൂറോപ്പിലെത്തുമെന്ന് യു എന്‍ പറയുമ്പോള്‍ അംഗങ്ങളുടെ എണ്ണം മുന്‍കൂട്ടി കാണുക അസാധ്യമാണെന്നാണ് ഐ ഒ എം പറയുന്നത്.