അഫ്ഗാനിലെ സാന്‍ഗിന്‍ ജില്ല താലിബാന്‍ പിടിച്ചെടുത്തു

Posted on: December 22, 2015 5:06 am | Last updated: December 22, 2015 at 12:06 am

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ സാന്‍ഗിന്‍ ജില്ലയുടെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. പ്രവിശ്യ താലിബാന്‍ തീവ്രവാദികളുടെ കൈകളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണെന്നും അഫ്ഗാന്‍ സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ഇവിടെ അനിവാര്യമാണെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ തന്റെ ഫേസ് ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ ജില്ലയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ താലിബാന്‍ ശക്തമായ പോരാട്ടത്തിലായിരുന്നു. രണ്ട് ദിവസത്തിനിടെ 90 സൈനികരും കൊല്ലപ്പെട്ടു. ജില്ലയിലെ പോലീസ്, സൈനിക കേന്ദ്രങ്ങള്‍ താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലായതായി റിപ്പോര്‍ട്ടുകളുണ്ട്. ജില്ല പിടിച്ചെടുത്ത വിവരം താലിബാനും പുറത്തുവിട്ടു. പല ഭാഗങ്ങളിലും ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
അഫ്ഗാന്‍ സൈന്യത്തിന്റെ പ്രത്യേക വിഭാഗത്തിന്റെ സഹായത്തോടെ കൂട്ടമായി ആക്രമിച്ച് താലിബാനെ നേരിടാനാണ് നീക്കമെന്ന് കരുതപ്പെടുന്നു. പ്രത്യേക സൈന്യം ഇവിടെ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ നിരവധി കുടുംബങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്തു. ഇപ്പോഴും പല കുടുംബങ്ങളും പലായനം ചെയ്യുന്നതിനുള്ള ഒരുക്കത്തിലുമാണ്. വളരെ പെട്ടെന്ന് തന്നെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുമെന്നും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ലാ അബ്ദുല്ല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഇനിയും നിശബ്ദരായിരിക്കാന്‍ കഴിയില്ലെന്നും പ്രവിശ്യ താലിബാന്റെ കരങ്ങളിലേക്ക് വഴുതിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു ഗവര്‍ണര്‍ മുഹമ്മദ് ജാന്‍ റസൂല്‍യാര്‍ രണ്ട് ദിവസം മുമ്പ് തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചത്. വര്‍ഷങ്ങളായി യു എസ്, ബ്രിട്ടീഷ് സൈന്യങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ പ്രവിശ്യയുടെ സംരക്ഷണത്തിന് വേണ്ടി പ്രസിഡന്റ് അശ്‌റഫ് ഗനി അടിയന്തരമായി ഇടപെടണമെന്നും ഫേസ്ബുക്കില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ അഫ്ഗാനിലെ കുന്ദുസ് നഗരം താലിബാനികള്‍ പിടിച്ചെടുത്തിരുന്നു. 14 വര്‍ഷത്തെ അഫ്ഗാന്‍ യുദ്ധത്തിനിടെ താലിബാന്‍ നേടുന്ന വലിയ വിജയമായി ഇതിനെ കണക്കാക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഹെല്‍മന്ദ് പ്രവിശ്യയും താലിബാനികള്‍ക്ക് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് സുരക്ഷക്കെന്ന പേരില്‍ തുടരുന്ന നാറ്റോ സഖ്യ സൈന്യത്തിന് ഈ രണ്ട് സംഭവങ്ങളും വളരെ വലിയ തിരിച്ചടിയായിരിക്കുകയാണ്.