സ്‌പെയിന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു: ആര്‍ക്കും ഭൂരിപക്ഷമില്ല

Posted on: December 22, 2015 6:04 am | Last updated: December 22, 2015 at 12:06 am
പ്രധാനമന്ത്രി മരിയാനോ റജോയ് പാര്‍ട്ടി പ്രവര്‍ത്തകരെ കൈവീശിക്കാണിക്കുന്നു
പ്രധാനമന്ത്രി മരിയാനോ റജോയ് പാര്‍ട്ടി പ്രവര്‍ത്തകരെ കൈവീശിക്കാണിക്കുന്നു

മാഡ്രിഡ്: സ്‌പെയിനില്‍ നടന്ന ചരിത്രപരമായ ദേശീയ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായില്ല. ഇതോടെ സഖ്യസര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മരിയാനോ റജോയ് നയിക്കുന്ന പ്യൂപ്പിള്‍ പാര്‍ട്ടിക്കോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല. പൊതു തിരഞ്ഞെടുപ്പില്‍ പ്യൂപ്പിള്‍ പാര്‍ട്ടി നേരിടുന്ന കനത്ത തിരിച്ചടിയാണ് ഇത്. 123 സീറ്റുകള്‍ നേടാനേ ഇവര്‍ക്കായുള്ളൂ. തൊട്ടുപിന്നില്‍ പി എസ് ഒ ഇ പാര്‍ട്ടിയാണ്. ഇവര്‍ക്ക് 90 സീറ്റുകളും ലഭിച്ചു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് മാത്രം രൂപവത്കരിച്ച പോഡിമോസ് പാര്‍ട്ടി 69 സീറ്റുകള്‍ നേടി ശക്തി തെളിയിക്കുകയും ചെയ്തു. 176 സീറ്റുകളുണ്ടെങ്കിലേ ഭൂരിപക്ഷം നേടാനാകുകയുള്ളൂ.
ഭരണകക്ഷിയായ പ്യൂപ്പിള്‍ പാര്‍ട്ടിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിരുന്നു. തൊഴിലില്ലായ്മയും അഴിമതിയും ഈ സര്‍ക്കാറിന്റെ കാലത്ത് രൂക്ഷമായിരുന്നു. ചെലവുചുരുക്കലിനെതിരെ രംഗത്തെത്തിയ പോഡിമോസ് അപ്രതീക്ഷിത വിജയങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. അധികാരത്തില്‍ സുപ്രധാന പങ്ക് ഈ പാര്‍ട്ടിക്കുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടത്- വലത് പാര്‍ട്ടികള്‍ നടത്തുന്ന ജനവിരുദ്ധ നടപടികളെ ചോദ്യം ചെയ്ത് ശക്തി തെളിയിക്കുന്ന പാര്‍ട്ടികള്‍ക്ക് പോഡിമോസ് പാര്‍ട്ടി മികച്ച ഉദാഹരണമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പുതിയ ഒരു യുഗത്തിനാണ് നാം തുടക്കം കുറിക്കുന്നതെന്നും ഇതത്ര സുഖകരമായിരിക്കില്ലെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത രജോയ് പറഞ്ഞു. കരാറുകളിലും കീഴ്‌വഴക്കങ്ങളിലും എത്തല്‍ അനിവാര്യമായിരിക്കുകയാണെന്നും വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.