Connect with us

Sports

പ്ലാറ്റീനിയുടെ നഷ്ടം !

Published

|

Last Updated

ഇനി മടങ്ങാം:പ്ലാറ്റീനിയും ബ്ലാറ്ററും

ലോക ഫുട്‌ബോളിനെ ഒരു ദശകത്തിലേറെയായി അടക്കി ഭരിക്കുകയായിരുന്നു സെപ് ബ്ലാറ്റര്‍. അഴിമതി ആരോപണ വിധേയനായി പുറത്താക്കപ്പെടുമ്പോള്‍ സ്വപ്രയത്‌നത്താല്‍ നേടിയെടുത്ത പ്രതിച്ഛായ നഷ്ടമാകുന്നു എന്നതാണ് ബ്ലാറ്റര്‍ നേരിടുന്ന തിരിച്ചടി. കൂടാതെ, മറ്റ് നിയമനടപടികള്‍ ഒഴിവാക്കാന്‍ ഇനിയുള്ള കാലം കേസും കൂട്ടവുമായി ഓടി നടക്കേണ്ടതിന്റെ മാറാപ്പും. ഇതൊക്കെ, മാറ്റി നിര്‍ത്തിയാല്‍ പ്രായത്തിന്റെ അവശതയും മറ്റുമായി ഫിഫ ഭരണത്തില്‍ വലിയൊരു ഭാവിയില്ലാത്ത ബ്ലാറ്റര്‍ക്ക് ഈ എട്ട് വര്‍ഷ വിലക്കില്‍ യാതൊന്നും നഷ്ടമാകാനില്ല.
പക്ഷേ, മിഷേല്‍ പ്ലാറ്റീനിക്കോ ? ഫിഫയുടെ അടുത്ത പ്രസിഡന്റാകുവാനുള്ള എല്ലാവിധ ആസൂത്രണവും യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ അസോസിയേഷന്‍ (യുവേഫ) മേധാവി എന്ന നിലക്ക് പ്ലാറ്റീനി നടത്തിയിരുന്നു.
ഫിഫ കഴിഞ്ഞാല്‍ എല്ലാ അര്‍ഥത്തിലും ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ സംഘടന യുവേഫയാണ്. 2007 മുതല്‍ക്ക് യുവേഫയുടെ തലപ്പത്ത് തുടരുന്ന പ്ലാറ്റീനി തന്റെ സംഘാടന പാടവവും നേതൃത്വ മികവും ഇതിനകം തെളിയിച്ചതാണ്. ഫിഫയില്‍ സെപ് ബ്ലാറ്ററുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരത്തിന് യുവേഫയുടെ ഭരണത്തിലും തിളങ്ങാന്‍ സാധിച്ചത്. ബ്ലാറ്ററുടെ നേതൃപാടവമാണ് പ്ലാറ്റീനിയിലും ദര്‍ശിക്കാന്‍ സാധിക്കുക.
ഫുട്‌ബോളിന്റെ പ്രചാരം ലോകത്തിന്റെ ഓണംകേറാമൂലയിലേക്ക് വരെ എത്തിക്കുവാന്‍ ബ്ലാറ്റര്‍ കാണിച്ച മിടുക്ക് യുവേഫയില്‍ പ്ലാറ്റീനിയും പയറ്റി വിജയിച്ചു. ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പാണ് ചാമ്പ്യന്‍സ് ലീഗ്. യുവേഫ കപ്പിന്റെ പ്രചാരം പോരെന്ന് തോന്നിയപ്പോള്‍ യുവേഫ യൂറോപ ലീഗ് എന്ന പുതിയ പേരില്‍ ടൂര്‍ണമെന്റ് അടിമുടി മാറ്റി അവതരിപ്പിച്ചു. സ്‌പോണ്‍സര്‍മാരെ ആകര്‍ഷിക്കുവാനായിരുന്നു പ്ലാറ്റീനി ഇത്തരമൊരു മാറ്റത്തിന് തുനിഞ്ഞത്. അതും ഫലം കണ്ടു.
പ്ലാറ്റീനിയുടെ കാലുകള്‍ക്കും ബുദ്ധിയുണ്ടെന്നായിരുന്നു എണ്‍പതുകളില്‍ ഫുട്‌ബോള്‍ പണ്ഡിതന്‍മാര്‍ ഫ്രഞ്ച് താരത്തെ വിശേഷിപ്പിച്ച് എഴുതിയത്.
ഫുട്‌ബോള്‍ ഭരണത്തിലേക്ക് വന്നപ്പോഴും ബ്ലാറ്ററെ അട്ടിമറിച്ച് ഫിഫ പ്രസിഡന്റാകാന്‍ നടത്തിയ നീക്കത്തിലും പ്ലാറ്റീനിയില്‍ ആ ബുദ്ധിരാക്ഷസന്‍ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഫിഫയില്‍ ഭരണത്തുടര്‍ച്ച ബ്ലാറ്റര്‍ ആഗ്രഹിച്ച കാലം മുതല്‍ക്കാണ് പ്ലാറ്റീനി യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളെ ഉപയോഗിച്ച് പല കോണുകളില്‍ നിന്ന് ബ്ലാറ്റര്‍ക്കെതിരെ പടനീക്കം നടത്തിയത്. എന്നാല്‍, ആയിരം കോടിയുടെ അഴിമതിക്കേസില്‍ ബ്ലാറ്റര്‍ ഊരാക്കുടുക്കിലകപ്പെട്ടപ്പോള്‍ നൂറ് കോടിയുടെ തട്ടിപ്പില്‍ കുടുങ്ങുമെന്ന് മുന്‍കൂട്ടിക്കാണാനുള്ള ബുദ്ധി മാത്രം പ്ലാറ്റീനിക്ക് ഇല്ലാതെ പോയി.
ഫുട്‌ബോളിനായി ജനിച്ചവന്‍ എന്നാണ് പ്ലാറ്റീനി ഒരിക്കല്‍ സ്വയം വിശേഷിപ്പിച്ചത്. അത് ശരിയായിരുന്നു. 1955 ജൂണ്‍ 21ന് കിഴക്കന്‍ ഫ്രാന്‍സിലെ യോഫില്‍ ജനിച്ച പ്ലാറ്റീനി, ഫ്രാന്‍സ് ദേശീയ ടീമിലും യുവെന്റസ് പോലുള്ള വിഖ്യാത ഇറ്റാലിയന്‍ ക്ലബ്ബുകളിലുമായി തിളക്കമുള്ള കരിയര്‍ ആസ്വദിച്ചു.
1984 ല്‍ ഫ്രാന്‍സിനെ യൂറോപ്യന്‍ ചാമ്പ്യന്‍മാരാക്കിയതാണ് പൊന്‍തൂവല്‍. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് ഗോളുകളുമായി പ്ലാറ്റീനി സൃഷ്ടിച്ച റെക്കോര്‍ഡ് ഇന്നും ഭദ്രമാണ്. 1982, 1986 ലോകകപ്പുകളില്‍ ഫ്രാന്‍സിനെ സെമിഫൈനലിലെത്തിച്ചതാണ് പ്ലാറ്റീനിയുടെ മറ്റൊരു പെരുമ. ഫ്രാന്‍സിനായി 72 മത്സരങ്ങളില്‍ 41 ഗോളുകള്‍ നേടി. 2007ല്‍ തിയറി ഓന്റി ഫ്രാന്‍സിന്റെ ടോപ് സ്‌കോറര്‍ പദവിയിലെത്തും വരെ പ്ലാറ്റീനിയായിരുന്നു ആ സിംഹാസനത്തില്‍.
കരിയറില്‍ 501 മത്സരങ്ങളില്‍ 265 ഗോളുകള്‍ നേടിയ ഈ മിഡ്ഫീല്‍ഡ് പ്രതിഭയെ ഫ്രഞ്ച് ഫുട്‌ബോള്‍ ലോകം ദ കിംഗ് (രാജാവ്) എന്നാണ് അഭിസംബോധന ചെയ്യുന്നത്.
കളിക്കാലം കഴിഞ്ഞപ്പോള്‍ പരിശീലകന്റെ റോളിലേക്ക് വന്നു. 1988 മുതല്‍ 1992 വരെ ഫ്രാന്‍സ് ദേശീയ ടീമിന്റെ കോച്ചായിരുന്നു. സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡില്‍ നിന്ന് ക്ഷണം ലഭിച്ചെങ്കിലും അത് നിരസിച്ച പ്ലാറ്റീനി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് മിറ്റെറാന്‍ഡിന്റെ ആവശ്യപ്രകാരം 1998 ലോകകപ്പ് സംഘാടനം ഏറ്റെടുത്തു. ലോകകപ്പ് സംഘാടന മികവിന്റെ ബലത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനില്‍ വൈസ് പ്രസിഡന്റാവുകയും 2002 മുതല്‍ക്ക് യുവേഫയുടെ സാങ്കേതിക സമിതി അംഗവുമായ പ്ലാറ്റീനിയുടെ ഫുട്‌ബോള്‍ഭരണ രംഗത്തെ വളര്‍ച്ച അസൂയപ്പെടുത്തുന്നതായിരുന്നു.
ഈ കാലഘട്ടത്തില്‍ തന്നെയാണ് സെപ് ബ്ലാറ്റര്‍ പ്ലാറ്റീനിയെ തന്റെ ഫിഫ ക്യാമ്പിലേക്ക് ക്ഷണിക്കുന്നതും. 1998 മുതല്‍ 2002 വരെ ബ്ലാറ്ററുടെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചു. ഇത് പക്ഷേ, വാക്കാലുള്ള കരാറിലായിരുന്നു. നൂറ് കോടിയിലേറെ രൂപയാണ് ഇക്കാലയളവില്‍ പ്ലാറ്റീനി ഫിഫയില്‍ നിന്ന് സമ്പാദിച്ചത്. ഇതാണ് ഇപ്പോള്‍ പ്ലാറ്റീനിയെ ഇരുണ്ട യുഗത്തിലേക്ക് തള്ളിയിട്ടത്.

 

Latest