സാഫ് കപ്പിന് നാളെ കിക്കോഫ്

Posted on: December 22, 2015 6:00 am | Last updated: December 21, 2015 at 11:57 pm

saff suzuki cup 2015തിരുവനന്തപുരം: കേരളം നാളെ മുതല്‍ സാഫ് സുസുക്കി കപ്പിന്റെ ആവേശത്തിലേക്ക്. ദക്ഷിണേഷ്യന്‍ ശക്തികളുടെ കാല്‍പന്തുകളി പോരാട്ടത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ മുതല്‍ പന്തുരുളും. ഏഴ് രാജ്യങ്ങള്‍. രണ്ട് ഗ്രൂപ്പുകള്‍. ഗൂപ്പ് എയില്‍ ഇന്ത്യയ്‌ക്കൊപ്പം നേപ്പാളും ശ്രീലങ്കയും മല്‍സരിക്കും. നിലവിലെ ചാമ്പ്യന്‍മാരായ അഫ്ഗാനിസ്ഥാനൊപ്പം മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവരാണ് ബി ഗ്രൂപ്പില്‍. ആഭ്യന്തരപ്രശ്‌നങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പിന്മാറിയിരുന്നു.
നാളെ വൈകീട്ട് 6.30ന് നേപ്പാളും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ക്രിസ്മസ് ദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. 27ന് നേപ്പാളുമായും ഇന്ത്യ ഏറ്റുമുട്ടും. 31ന് സെമീഫൈനലും ജനുവരി മൂന്നിന് ഫൈനലും നടക്കും.
നിലവിലെ ചാംപ്യ•ാരായ അഫ്ഗാനും ആതിഥേയരായ ഇന്ത്യയും തമ്മിലുള്ള ഫൈനലിനാണ് കാണികള്‍ കാത്തിരിക്കുന്നത്.
2013ല്‍ നേപ്പാളില്‍ നടന്ന സാഫ് കപ്പില്‍ ഇന്ത്യയെ മറുപടിയില്ലാത്ത രണ്ടുഗോളിനു തോല്‍പ്പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ചാംപ്യന്‍മാരായത്. 2011ലെ സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയോടു മറുപടിയില്ലാത്ത നാലുഗോളിന്റെ പരാജയം ഏറ്റുവാങ്ങിയ ശേഷമായിരുന്നു 2013ലെ അഫ്ഗാന്റെ തിരിച്ചുവരവ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകും ഉദ്ഘാടകന്‍.
ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. ക്യസൂംഗ.കോം (kyazoonga.com) വഴി ഓണ്‍ലൈനിലൂടെയും ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴിയും ടിക്കറ്റ് ലഭിക്കും. 100, 300, 400, 750 രൂപ വീതമാണ് ടിക്കറ്റ് നിരക്കുകള്‍. സ്റ്റേഡിയത്തിലെ ഗേറ്റ് കൗണ്ടറില്‍നിന്നും ഇന്നലെ മുതല്‍ ടിക്കറ്റുകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്.
സാഫ് കപ്പില്‍ ഇന്ത്യന്‍ ടീമിനാണ് ആധിപത്യമെങ്കിലും കരുത്തരായ മാലദ്വീപും അഫ്ഗാനിസ്ഥാനും കടുത്ത വെല്ലുവിളിയാണ്. പത്ത് ടൂര്‍ണമെന്റുകളില്‍ ആറുതവണ ജേതാക്കളായ ഇന്ത്യ മൂന്നുതവണ രണ്ടാം സ്ഥാനത്തും ഒരുതവണ മൂന്നാമതുമെത്തി.
2005ല്‍ ടൂര്‍ണമെന്റിലെത്തിയ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയത്. 2011ല്‍ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനിസ്ഥാന്‍ കഴിഞ്ഞതവണ ഇന്ത്യയെ തോല്‍പിച്ച് കപ്പ് നേടി. മാലദ്വീപ്(2008), ബംഗ്ലാദേശ് (2003), ശ്രീലങ്ക (1995) എന്നിവരായിരുന്നു മറ്റു ജേതാക്കള്‍.