ഖത്വറില്‍ ‘വാറ്റ്’ നടപ്പാക്കാന്‍ വൈകും

Posted on: December 21, 2015 7:34 pm | Last updated: December 21, 2015 at 7:34 pm

vatദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്നു വര്‍ഷത്തിനകം നടപ്പിലാകുമെന്നു പ്രതീക്ഷിക്കുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ്) ഖത്വറില്‍ പ്രാബല്യത്തില്‍ വരാന്‍ വൈകും. ഗള്‍ഫില്‍ ഒടുവില്‍ വാറ്റ് നടപ്പിലാക്കുന്ന രാജ്യമായിരിക്കും ഖത്വറെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം നിലവില്‍ വരിക യു എ ഇയില്‍ ആയിരിക്കും. വാറ്റ് നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച് ഖത്വര്‍ ഇതുവരെ പ്രസ്താവന നടത്തിയിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ഒരേ സമയത്ത് വാറ്റ് നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരക്കാന്‍ ഈയിടെ ജിസിസി ധനമന്ത്രിമാരുടെ യോഗം തീരുമാനിച്ചിരുന്നു. ഗള്‍ഫ് തലത്തിലുള്ള നികുതിക്ക് പകരം ഓരോ രാജ്യത്തും സ്വതന്ത്രമായി തീരുമാനമെടുക്കാവുന്ന രീതിയിലാണ് കരാറുണ്ടായതെന്ന് ഡെലോയിറ്റ് മിഡില്‍ ഈസ്റ്റിലെ ഇന്‍ഡയറക്റ്റ് ടാക് പ്രാക്ടീസ് ലീഡര്‍ സ്റ്റുവര്‍ട്ട് ഹാല്‍സ്റ്റെഡ് പറഞ്ഞു. വാറ്റ് നടപ്പാക്കിത്തുടങ്ങുന്നതിനുള്ള സമയക്രമം തീരുമാനിക്കാനും മന്ത്രിമാരുടെ യോഗത്തില്‍ ധാരണയായിരുന്നു. 94 ഭക്ഷ്യവസ്തുക്കളെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളെയും നികുതിയില്‍ നിന്ന് ഒഴിവാക്കാനും തീരുമാനമുണ്ട്.
അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ചില ജി സി സി രാജ്യങ്ങളെങ്കിലും വാറ്റ് നടപ്പാക്കിത്തുടങ്ങുമെന്ന് ദോഹയില്‍ നടന്ന സെമിനാറില്‍ ഹാല്‍സ്റ്റഡ് പറഞ്ഞു. യു എ ഇയാണ് ഏറ്റവും ആദ്യം നികുതി നടപ്പാക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അവസാനം നികുതി നടപ്പാക്കാന്‍ സാധ്യതയുള്ള രാജ്യം ഖത്വറായിരിക്കും. എണ്ണ, വാതക മേഖലകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഖത്വറിനെ സംബന്ധിച്ചിടത്തോളം നിലവില്‍ പര്യാപ്തമാണെന്നതാണ് ഇതിനു കാരണമെന്ന് ഹാല്‍സ്റ്റഡ് വ്യക്തമാക്കി.
നികുതി എത്രയായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ ആയിരിക്കാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഗള്‍ഫിലെ ജീവിതച്ചെലവ് വര്‍ധിക്കാനിടയാക്കും. എന്നാല്‍, യഥാര്‍ഥ നികുതിയേക്കാള്‍ കുറവായിരിക്കും വിലയിലുണ്ടാവുന്ന വര്‍ധനയെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതെന്ന് ഹാല്‍സ്റ്റഡ് പറഞ്ഞു. അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ അഞ്ച് ശതമാനം തന്നെ വില വര്‍ധന ഉണ്ടാവില്ല. തുടക്കത്തില്‍ വര്‍ധന അനുഭവപ്പെടാമെങ്കിലും ക്രമേണ വ്യാപാരികള്‍ ഇതില്‍ ഒരു പങ്ക് വഹിക്കുമെന്നതാണ് കാരണം. ലാഭവിഹിതം കുറച്ചാണ് ഇതു സാധ്യമാക്കുക.
എണ്ണയുടെയും ഗ്യാസിന്റെയും വില ഇടിഞ്ഞത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതിനെത്തുടര്‍ന്നാണ് പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച സജീവമായത്. സബ്‌സിഡി കുറയ്ക്കുക, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നിര്‍ദേശിക്കപ്പെടുന്നത്.