ദേശീയ ദിന പരിപാടികള്‍: ഐ സി സിക്ക് അംഗീകാരം

Posted on: December 21, 2015 6:45 pm | Last updated: December 21, 2015 at 6:45 pm
ദേശീയ ദിന പരിപാടികളില്‍ പങ്കെടുത്തതിനുള്ള ഉപഹാരം ആഭ്യന്തര മന്ത്രാലയം  പ്രതിനിധികളില്‍ നിന്ന് ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ സ്വീകരിക്കുന്നു
ദേശീയ ദിന പരിപാടികളില്‍ പങ്കെടുത്തതിനുള്ള ഉപഹാരം ആഭ്യന്തര മന്ത്രാലയം
പ്രതിനിധികളില്‍ നിന്ന് ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍ സ്വീകരിക്കുന്നു

ദോഹ: ഖത്വര്‍ ദേശീയദിനത്തോടുബന്ധിച്ച് പ്രവാസികള്‍ക്കായി ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടികളില്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിനു കീഴില്‍ അണി നിരന്ന മലയാളി സംഘടനകള്‍ക്ക് അംഗീകാരം. വിവിധ പരിപാടികളില്‍ ഇന്‍കാസ്, സംസ്‌കൃതി, ട്രാക്ക്, കെ സി സി, ടി ജെ എസ് വി, തിരുമുറ്റം എന്നീ മലയാളി സംഘടനകളെക്കൂടാതെ ബംഗിയ പരിഷദ്, മഹാരാഷ്ട്ര മണ്ഡല്‍ എന്നീ സംഘടനകള്‍ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ നേടി.
രണ്ടു ദിവസങ്ങളില്‍ രാജ്യത്ത് നാലു വേദികളിലായി നടന്ന പരിപാടികളില്‍ ഐ സി സി സജീവമായി പങ്കു ചേര്‍ന്നു. ആദ്യ ദിവസം ആംഫി തിയറ്ററില്‍ 22 ഇനങ്ങളുമായി മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികള്‍ ഐ സി സി ആഭിമുഖ്യത്തില്‍ നടന്നു. വിദ്യാര്‍ഥികളും വ്യക്തികളും അവതരിപ്പിച്ച പരിപാടികളില്‍ രാജസ്ഥാനില്‍ നിന്നുള്ള ശബരി സഹോദരന്‍മാരുടെ ഖവാലി ശ്രവിക്കാന്‍ നൂറു കണക്കിനാളുകളെത്തി. രണ്ടാംദിനത്തില്‍ നടന്ന പരേഡിലും ഐ സി സി സാന്നിധ്യം ശ്രദ്ധേയമായി. ഏഷ്യന്‍ ടൗണില്‍ 14 മണിക്കൂറാണ് ഇന്ത്യന്‍ പരിപാടികള്‍ നടന്നത്.
മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ആഭ്യന്തര മന്ത്രാലയം സമ്മാനങ്ങള്‍ നല്‍കി. ആഭ്യന്തര മന്ത്രാലയം പ്രതിനിധികളായ ബ്രി. അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ക്യാപ്റ്റന്‍ നാസര്‍ അല്‍ സുവൈദി, ഐ സി സി പ്രസിഡന്റ് ഗിരീഷ് കുമാര്‍, ഐ സി സി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അംഗീകൃത സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. ഐ സി സി സാംസ്‌കാരിക വിഭാഗം മേധാവി ജയതി ബി മൈത്ര, ഇന്‍ ഹൗസ് ആക്ടിവിറ്റി ഹെഡ് പി ഉണ്ണികൃഷ്ണന്‍, ഐ സി സി ജന. സെക്രട്ടറി ദിവാകര്‍ പൂജാരി എന്നിവര്‍ നേതൃത്വം നല്‍കി.