ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയില്‍ 2020ഓടെ ഖത്വര്‍ മുന്‍നിരയിലെത്തും

Posted on: December 20, 2015 6:59 pm | Last updated: December 20, 2015 at 6:59 pm

islamic bankingദോഹ: ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയില്‍ ഖത്വര്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ മുന്നേറ്റത്തിന്റെ പാതയില്‍. 2020 ആകുമ്പോഴേക്കും ഈ രംഗത്തെ മുഖ്യസ്ഥാനത്തു നില്‍ക്കുന്ന രാജ്യങ്ങളില്‍ ഖത്വര്‍ മുന്‍നിരയിലുണ്ടാകും. ഇ വൈ തയാറാക്കിയ വേള്‍ഡ് ഇസ്‌ലാമിക് ബേങ്കിംഗ് കോംപിറ്റിറ്റീവ്‌നസ് റിപ്പോര്‍ട്ട് 2016ലാണ് ഖത്വറിന്റെ മുന്നേറ്റം പ്രവചിക്കുന്നത്.
റിപ്പോര്‍ട്ട് അനുസരിച്ച് ഖത്വര്‍, ഇന്തോനേഷ്യ, സഊദി അറേബ്യ, മലേഷ്യ, യു എ ഇ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഇസ്‌ലാമിക് ബേങ്കിംഗ് രംഗത്ത് ഈ വര്‍ഷത്തോടെ 801 ബില്യന്‍ ഡോളറിന്റെ ആസ്തി സ്വന്തമാക്കിക്കഴിഞ്ഞു. ലോകതലത്തില്‍ ഇസ്‌ലാമിക് ബേങ്കിംഗ് അസറ്റിന്റെ 80 ശതമാനവും ‘ഖ്വിസ്മത്ത്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാജ്യങ്ങള്‍ക്കു സ്വന്തമാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തുന്നു. ലോക ഇസ്‌ലാമിക് ബേങ്കിംഗ് ആസ്തി 920 ബില്യന്‍ ഡോളറാണ്. അതേസമയം, 2010 ആകുമ്പോഴേക്കും സഊദി, കുവൈത്ത്, ബഹ്‌റൈന്‍, ഖത്വര്‍ എന്നീ രാജ്യങ്ങളാകും ഈ മേഖലയിലെ പ്രധാന പങ്കാളികള്‍.
ലോക ഇസ്‌ലാമിക് ബേങ്കിംഗ് രംഗത്ത് സഊദി അറേബ്യ മുന്‍നിരയില്‍ തുടരുകയാണ്. ലോക മാര്‍ക്കറ്റില്‍ 33 ശതമാനമാണ് സഊദിയുടെ വിഹിതം. തുടര്‍ന്ന് മലേഷ്യ (15.5), യു എ ഇ (15.4) രാജ്യങ്ങളും വരുന്നു. ബഹ്‌റൈനില്‍ ഇസ്‌ലാമിക് ബേങ്കിംഗ് പരമ്പരാഗത ബേങ്കുകളെ മറികടന്നു കൊണ്ടിരിക്കുകയാണ്. തുര്‍ക്കിയും ഇന്തോനേഷ്യയും ഒഴികെയുള്ള രാജ്യങ്ങളില്‍ ഇസ്‌ലാമിക് ബേങ്കിംഗ് മേഖല അതിവേഗ വളര്‍ച്ചയിലാണെന്ന് ഇ വൈ മിന മേഖല ഫിനാന്‍ഷ്യല്‍ ലീഡര്‍ ഗോര്‍ഡന്‍ ബെന്നി പറഞ്ഞു. 22 ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ബേങ്കുകളുടെതായി ഒരു ബില്യന്‍ ഡോളറിലധികം ഓഹരിവിഹിതങ്ങളാണുള്ളത്. വൈകാതെ വ്യവസായ മേഖലയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഇസ്‌ലാമിക് ബേങ്കിംഗ് ഷെയറുകള്‍ മാറും. കൂടുതല്‍ ആദായം നേടിത്തരുന്ന രീതിയിലേക്ക് ഇസ്‌ലാമിക് ബേങ്കിംഗ് ഷെയറുകള്‍ മാറുന്നതോടെ കൂടുതല്‍ നിക്ഷേപം വരുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഗള്‍ഫ് മേഖലയില്‍ നിന്ന് ഇസ്‌ലാമിക് ഷെയര്‍ മാര്‍ക്കറ്റിലേക്ക് 91 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഉണ്ടായത്. 18 ശതമാനം വളര്‍ച്ചയാണ് ഒരോ വര്‍ഷവും രേഖപ്പെടുത്തുന്നത്. ഭാവിയില്‍ രണ്ടു മേഖലകളിലാണ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്. ബേങ്കിംഗ് അസറ്റില്‍ ശരാശരി വര്‍ധന പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഓഹരി നിക്ഷേപത്തിലും വര്‍ധനയുണ്ടാകും. എണ്ണ വിലയിടിവ് ഇസ്‌ലാമിക് ബേങ്കിംഗ് മേഖലയെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇ വൈ ഗ്ലോബല്‍ ഇസ്‌ലാമിക് സെന്റര്‍ പ്രതിനിധി മുസമ്മില്‍ കസ്ബതി പറഞ്ഞു. അതേസമയം നിക്ഷേപകര്‍ക്ക് തങ്ങളുടെ ബാലന്‍സ് ഷീറ്റ് സുരക്ഷിതമാക്കാന്‍ കഴിയുന്നത് ഇസ്‌ലാമിക് ബേങ്കിംഗിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.