പ്രവാസി പ്രിയ രാജ്യങ്ങളില്‍ ലോക തലത്തില്‍ ഗള്‍ഫ് മുന്നില്‍

Posted on: December 19, 2015 6:50 pm | Last updated: December 19, 2015 at 6:50 pm

gulfദോഹ: ലോകത്ത് പ്രവാസികള്‍ സാമ്പത്തിക ആദായത്തില്‍ ഇഷ്ടപ്പെടുന്നത് ഗള്‍ഫ് രാജ്യങ്ങളെ. ജീവിതത്തിനു പുറമെ അധിക വസ്തുക്കള്‍ സ്വന്തമാക്കാന്‍ കഴിയുന്നത് ഗള്‍ഫില്‍ തൊഴില്‍ പ്രവാസം നടത്തുന്നവര്‍ക്കാണ്. എച്ച് എസ് ബി സിയുടെ എക്‌സ്പാറ്റ് എക്‌സ്‌പ്ലോറര്‍ സര്‍വേയിലാണ് കണ്ടെത്തല്‍.
ഗള്‍ഫ് രാജ്യങ്ങള്‍ ഉയര്‍ന്ന വേതനവും തൊഴില്‍ ആനുകൂല്യങ്ങളും നല്‍കുന്നു. സാമ്പത്തിക വ്യവഹാരങ്ങളില്‍ സങ്കീര്‍ണതകളില്ലാത്തതും ഗള്‍ഫ് നാടുകളിലാണ്. ചെലവുകല്‍ കഴിഞ്ഞ് സമ്പാദ്യം നീക്കിവെക്കാന്‍ കഴിയുന്നതും ഗള്‍ഫുകാര്‍ക്കാണ്. ലോക രാജ്യങ്ങളില്‍ 21,950 പ്രാവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. കൂടുതല്‍ മെച്ചപ്പെട്ട അവസരം ലഭിക്കുമ്പോള്‍ ജോലി മാറുന്നവര്‍ കൂടുതലുള്ളതും ഗള്‍ഫ് നാടുകളിലാണ്.
ഗള്‍ഫ് പ്രാവാസികളില്‍ വലിയൊരു ശതമാനവും തങ്ങളുടെ വിശ്രമകാലത്ത് ഉപയോഗിക്കാവുന്ന നിക്ഷേപമായി കാണുന്നത് വസ്തുക്കള്‍ വാങ്ങിവെക്കുന്നതിലാണ്. യു എ ഇയില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത 81 ശതമാനം പേരും പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാം എന്ന അഭിപ്രായക്കാരാണ്. പ്രവാസികളുടെ അംഗീകാരം നേടുന്ന മേഖലയായി ഗള്‍ഫ് തുടരുകയാണെന്നും സാമ്പത്തിക പ്രതിസന്ധി നരിടുമ്പോഴും വിദേശികള്‍ ഗള്‍ഫ് നാടുകളില്‍ തുടരാന്‍ താത്പര്യപ്പെടുകയാണെന്നും എച്ച് എസ് ബി സി പ്രതിനിധി പറഞ്ഞു. ദീര്‍ഘകാലത്തേക്ക് ആസൂത്രണം നടത്തുന്നതിനും ഭാവിക്കു വേണ്ടി കരുതിവെക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നു ഗള്‍ഫ് നാടുകള്‍.
പണം കരുതിവെക്കാന്‍ കഴിയുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നവരില്‍ ലോകത്തു തന്നെ ആദ്യം ഖത്വര്‍ പ്രവാസികളും (76 ശതമാനം പേരും) രണ്ടാംസ്ഥാനത്ത് ഒമാനുമാണ് (72 ശതമാനം). ലോക ശരാശരി 57 ശതമാനം മാത്രമാണ്. ജോലി മാറ്റം നേടിയ ശേഷം കൂടുതല്‍ സാമ്പാദ്യം സാധ്യമായെന്നു സമ്മതിക്കുന്നവരും ഒമാനിലും (76 ശതമാനം) ഖത്വറിലുമാണ് (75 ശതമാനം). ലോക ശരാശരി 52 ശതമാനമാണ്. ഈ രംഗത്ത് യു എ ഇയുടെ സ്ഥാനം യഥാക്രമം 65, 61 ശതമാനമാണ്. ലോകത്ത് ജോലി ചെയ്ത് വസ്തുക്കള്‍ സ്വന്തമാക്കുന്ന യുവ പ്രവാസികളുള്ളതും ഗള്‍ഫിലാണ്. 18നും 34നുമിടയില്‍ പ്രായമമുള്ളവരില്‍ 31 ശതമാനം ഖത്വര്‍ പ്രവാസികള്‍ക്ക് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനായി. കാനഡ 26 ശതമാനവും യു എ ഇയില്‍ 25 ശതമാനവുമാണ്. ലോകത്ത് കൂടുതല്‍ യുവ പ്രവാസികളുള്ളതും ഗള്‍ഫിലാണ്. ഖത്വറില്‍ 71 ഉം യു എ ഇയില്‍ 58ഉം ശതമാനം യുവാക്കളാണ്. ലോക ശരാശരി 43 ശതമാനമാണ്.