Connect with us

Palakkad

സ്ഥല കച്ചവടത്തിന്റെ പേരില്‍ വിളിച്ചുവരുത്തി 22.40 ലക്ഷം രൂപ തട്ടിപ്പ്: നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പോലീസ് പിടിയിലായ റിസാദ്, ആഷിഫ്, ഷാഹിന്‍.

പാലക്കാട്: സ്ഥല കച്ചവടത്തിന്റെ പേരില്‍ വിളിച്ചുവരുത്തിയശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 22.40 ലക്ഷംരൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.
കോയമ്പത്തൂര്‍ കോവൈപുതൂര്‍ ശിവനഗറില്‍ അബ്ദുള്‍ ഖാദര്‍(56), ഇയാളുടെ മകന്‍ മാട്ടുമന്ത ചോളോട് മുരുകണി മുറിക്കാവ് ഷാഹിന്‍(26), കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ വിനായകര്‍കോവില്‍ സ്ട്രീറ്റില്‍ റിസാദ്(30), കൊപ്പം പുത്തൂര്‍ റോഡ് ആഷിഫ്(24) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശികളാണ് കബളിപ്പിക്കലിന് ഇരയായത്. കേസില്‍ നേരിട്ട് ഉള്‍പ്പെട്ട നാലുപേരെ കൂടി പിടികൂടാനുണ്ട്.
വാളയാറില്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം വില്‍ക്കാനുണ്ടെന്ന് അറിയിച്ചാണ് എറണാകുളം സ്വദേശികളെ കഴിഞ്ഞ 15 ന് പാലക്കാട്ടെത്തിച്ചത്. വാങ്ങിയ സ്ഥലം മറിച്ചുവിറ്റില്ലെങ്കിലും വര്‍ഷംതോറും 12 ശതമാനം ലാഭവിഹിതം നല്‍കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതു വിശ്വസിച്ചാണ് എറണാകുളം സ്വദേശികളായ ആറുപേര്‍ പണവുമായി പാലക്കാട്ടെത്തിയത്. ഇവരില്‍ മൂന്നുപേരെ ആഷിഫ് ഒരു വാഗണ്‍ ആര്‍ കാറില്‍ കയറ്റി കൊടുമ്പിലുള്ള വാടക വീട്ടില്‍ എത്തിച്ചു.
അവിടെ സ്ഥലം ഉടമയുടെ റോളിലായിരുന്ന അബ്ദുള്‍ ഖാദറുമായി സംസാരിച്ചു. തുടര്‍ന്ന് പണം എണ്ണിതിട്ടപ്പെടുത്തി. ഇതിനുശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ചമഞ്ഞ് ക്വാളിസ് വാനില്‍ എത്തിയ നാലുപേര്‍ എറണാകുളം സ്വദേശികളെ വണ്ടിയില്‍ പിടിച്ചുകയറ്റിയത്.
ഈസമയം കേസില്‍ ഇനി പിടികിട്ടാനുള്ള കുഴല്‍മന്ദം സ്വദേശി സജീവന്‍ പണമടങ്ങിയ ബാഗുമായി വാഗണ്‍ ആര്‍ കാറില്‍ കടന്നു. വാനില്‍ കൊണ്ടുപോയ എറണാകുളം സ്വദേശികളെ മര്‍ദ്ദിച്ച് നല്ലേപ്പിള്ളിയില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. കേസിലെ മുഖ്യസൂത്രധാരന്‍ അബ്ദുള്‍ ഖാദറാണ് ആദ്യം പിടിയിലായത്. ഇയാള്‍ കൊലപാതക കേസ് ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്തതില്‍ രണ്ടുലക്ഷം രൂപ കണ്ടെടുത്തു.
തമിഴ്‌നാട്ടില്‍ നിന്നും 15,000 രൂപ വാടക നല്‍കി എത്തിച്ചവരാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവരെ പിടികൂടാനായിട്ടില്ല. ഒരു റിയല്‍എസ്‌റ്റേറ്റ് ഏജന്റ് മുഖേനയാണ് പ്രതികള്‍ എറണാകുളം ടീമുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് ലക്ഷ്യമിട്ട് കൊടുമ്പില്‍ ഒരു ലക്ഷംരൂപ അഡ്വാന്‍സ് നല്‍കിയാണ് ബംഗളൂരു സ്വദേശിയുടെ 4000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് വാടകയ്ക്ക് എടുത്തിരുന്നത്. കോയമ്പത്തൂരില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത്തരം തട്ടിപ്പ് നടത്താറുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കി. കള്ളപണമായതിനാല്‍ പണം നഷ്ടപ്പെട്ടാലും മിക്കവരും പരാതി നല്‍കാറില്ല. ഒരുശതമാനം പലിശയ്ക്ക് വലിയ തുക നല്‍കുമെന്ന് പരസ്യം നല്‍കി നടപടിക്രമങ്ങള്‍ക്കായി പണം വാങ്ങി മുങ്ങുന്നതും ഇവരുടെ രീതിയാണെന്ന് ടൗണ്‍ സൗത്ത് സി ഐ സി ആര്‍ പ്രമോദ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എന്‍ വിജയകുമാറിന്റെ നിര്‍ദേശപ്രകാരം സി ഐ സി ആര്‍ പ്രമോദ്, എസ് ഐ കെ എം മഹേഷ്‌കുമാര്‍, എ എസ് ഐ കേശവന്‍, സി പി ഒമാരായ റിനോയ്, സി എസ്. സാജിദ്, സതീഷ്, റഷീദലി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Latest