Connect with us

Malappuram

പഴയ പൈപ്പ് ലൈനുകള്‍ മാറ്റും; കുടിവെള്ള വിതരണം കാര്യക്ഷമമാക്കാന്‍ 30 ലക്ഷം

Published

|

Last Updated

പെരിന്തല്‍മണ്ണ: കാലപ്പഴക്കം ചെന്ന് പൈപ്പുകള്‍ ദുര്‍ബലമായതിനാല്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്ന വലിയങ്ങാടി, മാനത്ത് മംഗലം പ്രദേശങ്ങളിലേക്ക് മുടക്കമില്ലാതെ കുടിവെള്ളമെത്തിക്കാന്‍ സംവിധാനമായി. ഊട്ടി റോഡില്‍ മൗലാനാശുപത്രി മുതല്‍ മാനത്ത് മംഗലം ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള പഴയ പൈപ്പുകള്‍ മുഴുവന്‍ മാറ്റി സ്ഥാപിക്കുന്ന പദ്ധതിക്ക് മന്ത്രി എം അലിയുടെ ശ്രമഫലമായി 30 ലക്ഷം രൂപയാണ് അനുവദിച്ചത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ നിന്ന് ന്യൂനപക്ഷ അധിവാസ പ്രദേശങ്ങളിലേക്ക് കുടിവെള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുവാനുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഈ തുക അനുവദിച്ചത്. മാനത്ത് മംഗലം ഭാഗത്തേക്ക് കുടിവെള്ളമെത്തിയിരുന്നത് 40 വര്‍ഷം മുമ്പ് സ്ഥാപിച്ച 80 എം എം സി സി പൈപ്പിലൂടെയായിരുന്നു. ഇടക്കിടെയുണ്ടാകുന്ന റോഡ് നവീകരണം കാരണം വലിയങ്ങാടിയിലെ ഇടുങ്ങിയ ഭാഗത്തുള്‍പ്പെടെ കുടിവെള്ള പൈപ്പ് ലൈന്‍ ടാര്‍ ചെയ്ത ഭാഗത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ക്ക് പോലും സാധ്യമാകാതെ കിടക്കുകയാണ്.
മാത്രമല്ല പല സ്ഥലത്തും അഴുക്ക്ചാലിനോട് ചേര്‍ന്ന് പൈപ്പ് ലൈന്‍ കടന്ന് പോകുന്നതിനാല്‍ രോഗ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം ചീറ്റുന്നത് ഈ ഭാഗങ്ങളില്‍ പതിവാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മാനത്ത് മംഗലം, വലിയങ്ങാടി പ്രദേശങ്ങളിലേക്ക് മേല്‍കാരണങ്ങളാല്‍ കൊണ്ട് തന്നെ മുടക്കമില്ലാതെ വെള്ളമെത്തിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞിരുന്നില്ല. കാലങ്ങളായി ജനങ്ങളുടെ മുറവിളിക്കാണ് ശാശ്വതപരിഹാരമായത്. നിലവിലുള്ള 80 എം എം എസി പൈപ്പ് പൂര്‍ണമായും മാറ്റി 200 എം എം സി 1 കെ ഒമ്പത് പൈപ്പുകള്‍ സ്ഥാപിക്കാനാണ് പുതിയ തീരുമാനം.
ഉയര്‍ന്ന മര്‍ദത്തില്‍ പോലും വെള്ളം പമ്പ് ചെയ്താല്‍ പൊട്ടുകയോ, കാലപ്പഴക്കം ചെന്നാല്‍ ദുര്‍ബലപ്പെടുകയോ ചെയ്യാത്ത ഇനം പൈപ്പാണ് പുതുതായി ഈ ഭാഗങ്ങളില്‍ സ്ഥാപിക്കുന്നത്. കട്ടുപ്പാറയില്‍ തടയണ സ്ഥാപിച്ചതിന്റെയും കുളിര്‍മല ടാങ്കിന്റെയും പ്രയോജനം ഊട്ടി റോഡിലെ ലൈന്‍ വഴി ഉപയോഗപ്പെടുത്തുവാന്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും. വലിയങ്ങാടി നാലാം വാര്‍ഡ് കൗണ്‍സിലര്‍ ഉസ്മാന്‍ താമരത്ത് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി അസി. എക്‌സി. എന്‍ജിനീയര്‍ ആര്‍ എസ് വിജയകുമാര്‍, അസി. സി ബിന്ദു, ഓവര്‍സിയ് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മന്ത്രി ഈ തുക അനുവദിച്ചത്.
ഭരണാനുമതി ലഭ്യമായ പദ്ധതിക്ക് സാങ്കേതികാനുമതിയും പി ഡബ്ലിയു ഡി അനുമതിയും ലഭിക്കുന്ന മുറക്ക് ഉടന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Latest