കാറ്റ് കൊണ്ട് നടക്കാന്‍ കനാല്‍ പാത

Posted on: December 19, 2015 10:50 am | Last updated: December 19, 2015 at 10:50 am

എടവണ്ണപ്പാറ: ചാലിയപ്പുറം ഇറിഗേഷന്‍ ലിഫ്റ്റ് കനാലിന്റെ കാട് പിടിച്ച നടപ്പാത ഇനി ഓര്‍മയാകും. കനാലിന്റെ ഇരു ഭാഗങ്ങളിലും കാട് പിടിച്ച് യാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ഇതുവരെ.
കഴിഞ്ഞ വാഴക്കാട് പഞ്ചായത്ത് ഭരണ സമിതിയാണ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തില്‍ നടപ്പാതയെ പുനരവതരിപ്പിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കിയത്. എടവണ്ണപ്പാറ തെറ്റത്ത് ടവറില്‍ നിന്ന് തുടങ്ങി ഒരു കിലോമീറ്റര്‍ ദൂരം 10 ലക്ഷം രൂപ ചെലവില്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കനാല്‍ നടപ്പാത നിര്‍മാണം പുരോഗമിക്കുന്നത്. ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള നടപ്പാതയുടെ രണ്ടാം ഘട്ട നിര്‍മാണമാണ് ഇപ്പോള്‍ തുടങ്ങിയിട്ടുള്ളത്. ചാലിയപുറം, അവുഞ്ഞിക്കാട്, മുട്ടങ്ങല്‍, വെട്ടത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് എടവണ്ണപ്പാറയിലേക്കും ചാലിയപുറം ഗവ. ഹൈസ്‌കൂളിലേക്കുള്ള എളുപ്പവഴിയാണിത്. ഈ ഭാഗങ്ങളിലുള്ള നൂറ് കണക്കിന് ആളുകള്‍ വളരെ പാട് പെട്ടാണ് ഈ കനാല്‍ പാതയിലൂടെ നടന്നിരുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും വ്യായാമക്കാര്‍ക്ക് നടക്കാന്‍ പറ്റിയ പാതയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 1983ലാണ് ഈ കനാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വാഴക്കാട് പഞ്ചായത്തിലെ ഭൂരിപക്ഷ കര്‍ഷകര്‍ക്കും ഏറെ പ്രയോജനപ്പെടുന്ന കനാലിനെ നടപ്പാതയാക്കി പരിഷ്‌കരിക്കാന്‍ ശ്രമം നടത്തിയത്. മുന്‍ മെമ്പര്‍ ഭാസ്‌കരന്‍ മാഷാണ്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അനുമതി വാങ്ങിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. എടവണ്ണപ്പാറയില്‍ നിന്ന് നഗരത്തിന്റെ തിരക്കുകളറിയാതെ കണ്ണിനും കുളിരേകുന്ന നെല്‍പാടങ്ങള്‍ക്ക് നടുവിലൂടെയുള്ള യാത്ര ഹൃദ്യവും ഗൃഹാതുരത്വത്തിന്റെ ഓര്‍മകളിലേക്കുള്ള തിരിഞ്ഞ് നടത്തവുമാണ്.