ബാലിക പീഡനം: പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും

Posted on: December 19, 2015 10:47 am | Last updated: December 19, 2015 at 10:47 am

മഞ്ചേരി: പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാര്‍ വിധിച്ചു.
എടക്കര പോരൂര്‍പാറ കാരപ്പുറം പാറേക്കാട് രാമ(46)നെയാണ് ശിക്ഷിച്ചത്. കാടാമ്പുഴ മരുതന്‍ചിറ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന പ്രതി കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. പിതാവിനാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടി മാതാവിനൊപ്പം തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ മാതാവ് വീട്ടിലില്ലാത്ത സമയം ചോക്ലേറ്റും ഐസ്‌ക്രീമും വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ച് പ്രതി കുട്ടിയെ സ്വന്തം ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2013 സെപ്തംബര്‍ മുതല്‍ ആറു മാസത്തോളം പലതവണ കുട്ടി പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് കോടതി കണ്ടെത്തി. കുട്ടി ഇടക്കിടക്ക് സ്‌കൂളില്‍ വരാതിരിക്കുന്നതും അസ്വാഭാവികമായി പെരുമാറുന്നതും ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. പ്രധാനധ്യാപിക ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിക്കുകയായിരുന്നു. സി ഡബ്ലിയു സി നിര്‍ദ്ദേശ പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളാഞ്ചേരി സി ഐ. കെ ജി സുരേഷാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 376, പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പ്രതി പിഴയൊടുക്കുന്ന പക്ഷം തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും അല്ലാത്തപക്ഷം ഒരു വര്‍ഷത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പീഡിതയായ കുട്ടിക്ക് സര്‍ക്കാരില്‍ നിന്ന് വിക്ടിം കോംപന്‍സേഷന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് കോടതി ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. 33 സാക്ഷികളുള്ള കേസില്‍ 21 പേരെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്‌സണ്‍ തോമസ് ഹാജരായി.