അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 15 കോടി രൂപ അനുവദിച്ചു

Posted on: December 19, 2015 10:46 am | Last updated: December 19, 2015 at 10:46 am

പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി മലപ്പുറം കേന്ദ്രത്തില്‍ അക്കാദമിക കെട്ടിടങ്ങളുടെ നിര്‍മാണത്തിന് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ 15 കോടി രൂപ അനുവദിച്ചു.
ഇതോടൊപ്പം കിഷ്ന്‍ഗഞ്ച് (ബീഹാര്‍), മുര്‍ഷിദാബാദ് (വെസ്റ്റ് ബംഗാള്‍) സെന്ററുകളിലേക്ക് മലപ്പുറം കേന്ദ്രത്തിന്റെ വിഹിതത്തില്‍ നിന്ന് നല്‍കിയിരുന്ന 7.5 കോടി രൂപയും മലപ്പുറം കേന്ദ്രത്തിന്റെ അക്കൗണ്ടിലുള്ള 5.5 കോടി രൂപയും ഉപയോഗിച്ചാണ് നിര്‍മാണം നടത്തുക.
നേരത്തേ 12-ാം പദ്ധതിയില്‍പെടുത്തി കേന്ദ്രത്തിന്റെ വികസനത്തിന് വകയിരുത്തിയിരുന്ന 140 കോടിയിലെ ബാക്കിയുള്ള സംഖ്യ ലഭിക്കുന്നതോടെ ഇതുവരെ മുടങ്ങി കിടന്ന സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാനാവും. ഇ അഹമ്മദ് എം പിയുടെയും വി സി സമീറുദ്ദീന്‍ ഷായുടെയും നേതൃത്വത്തില്‍ രാഷ്ട്രപതിയെയും ഇ ടി മുഹമ്മദ് ബശീര്‍ എം പിയുടെ നേതൃത്വത്തില്‍ യു ജി സി ചെയര്‍മാനെയും വിവിധ ഘട്ടങ്ങളിലായി കണ്ട് നടപടികള്‍ വേഗത്തിലാക്കിയതിനാലാണ് ഫണ്ട് അനുവദിച്ചത്.
ആറ് നിലകളിലായാണ് കെട്ടിടം പൂര്‍ത്തിയാക്കുക. ആദ്യ രണ്ട് നിലകള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ള ലോ, മാനേജ്‌മെന്റ്, എജുക്കേഷന്‍ വകുപ്പുകളും ക്ലാസുകളും അതിലേക്ക് മാറും. ആവശ്യമായ സൗകര്യമില്ലാത്തതായിരുന്നു പുതിയ കോഴ്‌സുകള്‍ അനുവദിക്കാതിരുന്നത്. സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മാണം തുടങ്ങുതോടെ ഏറെ കാലമായി കാത്തിരിക്കുന്ന സെന്ററിന്റെ വികസനത്തിന് വേഗത കൈവരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഹമ്മദ് അ്‌സം ഖാന്‍ (ഹൈദരാബാദ്) മലപ്പുറം കേന്ദ്രത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാറായി ചുമതലയേറ്റു.
സെന്ററില്‍ സ്‌കൂള്‍ തുടങ്ങുകയെന്ന ആവശ്യത്തിനും പരിഹാരമാവുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചത് എ എം യു ആക്ട് ഭേദഗതി വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തിലാകും.
സര്‍ സയ്യിദ് പബ്ലിക്ക് സ്‌കൂള്‍ എന്ന ആശയവുമായി വി സി സമീറുദ്ദീന്‍ ഷായും സ്‌കൂള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുടങ്ങുന്നതോടെ പ്രവേശനത്തില്‍ പ്രാദേശിക പ്രാധിനിധ്യം ഉറപ്പ് വരുത്താനാകും. ആവശ്യമെങ്കില്‍ താത്കാലിക കെട്ടിടമടക്കമുള്ള ഭൗതിക സൗകര്യങ്ങള്‍ പ്രാദേശികമായി സജ്ജമാക്കുമെന്ന് കേരളാ സര്‍ക്കാറിന് വേണ്ടി മന്ത്രി മഞ്ഞളാംകുഴി അലി ഉറപ്പ് നല്‍കിയിരുന്നു.
അലിഗഢ് മലപ്പുറം കേന്ദ്രം സെന്ററിലെ വിവിധ വകുപ്പുകളിലേക്കുള്ള സ്ഥിരം അധ്യാപക നിയമനം ആരംഭിച്ചിട്ടുണ്ട്.
നിയമ വിഭാഗത്തില്‍ പുതുതായി നിയമിച്ച എട്ടില്‍ അഞ്ച് പേരും കേരളത്തില്‍ നിന്നുള്ളവരാണ്. മാനേജ്‌മെന്റ്, എജുക്കേഷന്‍ വിഭാഗങ്ങളിലും അധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും വിവിധ ന്യൂനപക്ഷ കോളജുകളിലെയും അധ്യാപക,അനധ്യാപക ജീവനക്കാരുടെ ശേഷി വികസനത്തിനായി അലീഗഢ് ഹ്യൂമന്‍ റിസോഴ്‌സസ് സെന്ററിന്റെ കീഴിലായി മലപ്പുറം കേന്ദ്രത്തില്‍ അനുവദിച്ച വിവിധ ഹൃസ്വകാല കോഴ്‌സുകളും ട്രൈനിംഗുകളും അവധിക്കാലത്ത് നടത്തും. കേന്ദ്രത്തിലെ ബി എ, എല്‍ എല്‍ ബി, എം ബി എ, ബി എഡ് ഉള്‍പ്പടെയുള്ള വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
മാര്‍ച്ച് പതിനെട്ടാണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി. ഈ വര്‍ഷത്തെ അഡ്മിഷനില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് പ്രത്യാശ പ്രകടിപ്പിച്ചു.