വയനാട്ടില്‍ വന്‍ സ്പിരിറ്റ്, വ്യാജ കള്ള് ശേഖരം പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: December 19, 2015 9:48 am | Last updated: December 19, 2015 at 9:48 am

മാനന്തവാടി/കല്‍പ്പറ്റ: വയനാട്ടില്‍ എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ വന്‍ സ്പിരിറ്റ്, വ്യാജകള്ള് ശേഖരം പിടികൂടി. ഇരു സംഭവങ്ങളിലുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സമീപ കാലത്ത് ഉത്തരമേഖലയില്‍ നടന്ന ഏറ്റവും വലിയ മദ്യ വേട്ടയാണിത്.
പടിഞ്ഞാറത്തറ, കാവുമന്ദം എന്നിവടങ്ങളില്‍ നിന്നാണ് സ്പിരിറ്റ്, വ്യാജക്കള്ള് ശേഖരം എക്‌സൈസ് സ്‌ക്വാഡിന്റെ റെയ്ഡില്‍ കണ്ടെത്തിയത്. ടാങ്കുകളിലും കന്നാസുകളിലുമായാണ് സ്പിരിറ്റും കള്ളും സൂക്ഷിച്ചിരുന്നത്. കാവുമന്ദത്ത് സ്വകാര്യ ആശുപത്രിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്നാണ് 2,200 ലിറ്റര്‍ വ്യാജക്കള്ള് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു റെയ്ഡ്. എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പേരാവൂര്‍ തയ്യുള്ളതില്‍ ശ്രീരാജ്, തലശേരി തോലമ്പ്ര രാജീവ്, പൂക്കോട്ടുപാടം സ്വദേശി ബാലന്‍, ഇരുളം നെയ്‌ശ്ശേരിയില്‍ സുകുമാരന്‍ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
പടിഞ്ഞാറത്തറ ചെറിയ നരിപ്പാറ അത്താണ ക്രഷര്‍ റോഡിലുള്ള ഒരു ഷെഡ്ഡില്‍ നിന്നാണ് 18,00 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. കാവുമന്ദത്തെ എക്‌സൈസ് റെയ്ഡ് മണത്തറിഞ്ഞ് ഷെഡ്ഡില്‍ നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ട് പോകുന്ന രൂപത്തിലുള്ള ടിപ്പര്‍ ലോറിയില്‍ സ്പിരിറ്റ് കന്നാസുകളിലാക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് സംഘത്തിന്റെ സ്പിരിറ്റും ടിപ്പര്‍ ഡ്രൈവറും വലയിലായത്. ടിപ്പര്‍ ഡ്രൈവര്‍ വാളത്തറ കോട്ടത്തറ സജി വര്‍ഗീസിനെ സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് എക്‌സൈസ് അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി വേലിയില്‍ തട്ടി സജി വര്‍ഗീസിന് പരിക്കേറ്റു.
പ്രതികളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. ഉത്തരമേഖലാ സ്വക്വാഡ് സി ഐ വിനോദ് ബി നായരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വയനാട് ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ എസ് സുരേഷ്, അസി. എക്‌സൈസ് കമ്മീഷണര്‍ കെ സജി, വയനാട് സ്‌ക്വാഡ് സി ഐ രാജശേഖരന്‍, കല്‍പ്പറ്റ എക്‌സൈസ് സിഐ. കെ എസ് ഷാജി, ഇന്‍സ്‌പെക്ടര്‍ പ്രദീപ് പ്രിവന്റീവ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന മുപ്പതംഗ സംഘമാണ് റെയ്ഡ് നടത്തിയത്.
പിടികൂടിയ സ്പിരിറ്റ് ക്രിസ്മസ് പുതുവത്സര വിപണി ലക്ഷ്യമാക്കി വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചതായിരിക്കാമെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം. അതേസമയം സ്പിരിറ്റ് വ്യാജക്കള്ള് സൂക്ഷിപ്പ് കേസിലെ യഥാര്‍ഥ പ്രതികളെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ക്രിസ്മസ,് പുതുവത്സരം കൊഴുപ്പിക്കാന്‍ ജില്ലയില്‍ വ്യാജമദ്യ നിര്‍മാണം തകൃതിയായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ അഞ്ചിന് വടുവഞ്ചാല്‍ നസ്രാണിക്കാടില്‍ വ്യാജവാറ്റിനായി തയ്യാറാക്കിയിരുന്ന അറുനൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള വില കുറഞ്ഞ മദ്യത്തിന്റെ ഒഴുക്കും തുടങ്ങിയിട്ടുണ്ട്.