യു ഡി എഫും സംവരണത്തിനെതിരോ?

Posted on: December 19, 2015 6:00 am | Last updated: December 19, 2015 at 12:41 am

SIRAJ.......നിലവിലെ സംവരണ നയത്തോട് യു ഡി എഫ് സര്‍ക്കാറിന്റെ നിലപാടെന്താണ്? സംഘ്പരിവാറിനെ പോലെ സാമുദായിക സംവരണം എടുത്തുകളഞ്ഞ് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന പക്ഷക്കാര്‍ യു ഡി എഫിലുമുണ്ടോ? പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിലെയും, മുന്നാക്ക വിഭാഗ ക്ഷേമത്തിനായി വ്യാഴാഴ്ച നിയമസഭയിലവതരിപ്പിച്ച ബില്ലിലെയും ചില പരാമര്‍ശങ്ങളാണ് ഈ സന്ദേഹത്തിന് നിദാനം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടി സംവരണം നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നല്‍കിയ നിവേദനത്തിലെ മുഖ്യ ആവശ്യങ്ങളിലൊന്ന്. സാമുദായിക സംവരണത്തെ ശക്തമായി എതിര്‍ക്കുന്ന സംഘ് പരിവാറും എന്‍ എസ് എസും കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണിത്. നിലവില്‍ പിന്നാക്ക വിഭാഗ, മത ന്യൂനപക്ഷങ്ങള്‍ക്ക് 49.5 ശതമാനം സംവരണം അനുവദിക്കുന്നുണ്ട്. സംവരണം മൊത്തം അമ്പത് ശതമാനം കടക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തവുമുണ്ട്. ഈ സാഹചര്യത്തില്‍ പിന്നാക്ക വിഭാഗ, മതന്യൂനപക്ഷങ്ങള്‍ക്ക് അനുദിച്ച സംവരണത്തോത് വെട്ടിക്കുറക്കുകയായിരിക്കും സര്‍ക്കാറിന്റെ ഈ ആവശ്യം അംഗീകരിച്ചാലുണ്ടാകുന്ന ഫലം. ഇതാണ് സംഘ്പരിവറിന്റെ ഉള്ളിലിരിപ്പും.
‘പട്ടികജാതിവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളുടെ സംവരണം മുന്നാക്ക വിഭാഗങ്ങളിലെ യുവാക്കളുടെ വിദ്യാഭ്യാസ, തൊഴില്‍ സാധ്യതകളെ പരിമിതപ്പെടുത്തുന്നു’ വെന്ന സാമുദായിക സംവരണവിരുദ്ധരുടെ പ്രചാര ണത്തിന്റെ അകമ്പടിയോടെയായിരുന്നു മുന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷന്‍ ബില്‍ 2015 വ്യാഴാഴ്ച സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ രൂക്ഷമായ വിമര്‍ശത്തെ തുടര്‍ന്ന് ഈ ഭാഗം പിന്നീട് പിന്‍വലിച്ചെങ്കിലും അത്തരമൊരു പരാമര്‍ശം ബില്ലില്‍ എങ്ങനെ കടന്നുകൂടിയെന്നത് ചിന്തനീയമാണ്. സംസ്ഥാനത്തെ മുന്നാക്കവിഭാഗങ്ങളേതെല്ലാമെന്ന് കണ്ടെത്തി അവരിലെ പിന്നാക്കക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിനുള്ള പരിഹാരം നിര്‍ദേശിക്കുകയുമാണ് കമ്മീഷന്റെ പ്രധാന ചുമതല. അതില്‍ ഇത്തരമൊരു പരാമര്‍ശത്തിന്റെ സാംഗത്യമെന്താണ്? സംഘ്പരിവാര്‍ മനോഭാവമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരുടെ കൈകളായിരിക്കാം ഒരു പക്ഷെ ഇതിന് പിന്നില്‍. എങ്കിലും ബന്ധപ്പെട്ട നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്ക് ശേഷമാണല്ലോ ബില്‍ സഭയുടെ മേശപ്പുറത്ത് വരുന്നത്. അവരെന്ത് കൊണ്ട് ഇത് കാണാതെ പോയി?
ദാരിദ്ര്യലഘൂകരണമോ, തൊഴില്‍ദാനമോ അല്ല, സാമൂഹിക നീതിയും രാഷ്ട്രീയതുല്യതയും അവസര സമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴില്‍, ഭരണരംഗം തുടങ്ങി സര്‍വത്ര രംഗങ്ങളിലും വളരെ ദയനീയമാണ് സ്വതന്ത്ര്യാനന്തരം ഏഴ് പതിറ്റാണ്ടോളം പിന്നിട്ടിട്ടും ദളിതരുടെയും, പിന്നാക്ക ജാതിക്കാരുടെയും ചില മതന്യൂനപക്ഷങ്ങളുടെയും അവസ്ഥ. അവരെ മുന്നാക്ക വിഭാഗക്കാര്‍ക്കൊപ്പമെത്തിക്കാനാണ് സംവരണ നയം ആവിഷ്‌കരിച്ചത്. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജന, തൊഴില്‍ ദാന പദ്ധതിയെന്ന നിലയിലാണ് പലരും ഇതിനെ പരിചയപ്പെടുത്തുന്നത്. നിലവിലെ സാമുദായിക സംവരണം മുന്നാക്ക വിഭാഗങ്ങളിലെ യുവാക്കളുടെ വിദ്യാഭ്യാസ തൊഴില്‍ സാധ്യതകളെ പരിമിതപ്പെടുത്തുന്നുവെന്ന സംവരണ വിരുദ്ധരുടെ പ്രചാരണത്തിന്റെ പശ്ചാത്തലമിതാണ്.
അബദ്ധവശാല്‍ സംഭവിച്ച ഒരു ധാരണപ്പിശകല്ല ഈ വ്യാഖ്യാനത്തിന് പിന്നില്‍. സാമുദായിക ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള സംഘ്പരിവാറിന്റെ ബോധപൂര്‍വമായ നീക്കമാണ്. തങ്ങളുടെ തൊഴില്‍, വിദ്യാഭ്യാസ രംഗങ്ങളിലെ അവസരങ്ങളെ ന്യൂനപക്ഷ സമുദായങ്ങള്‍ കവര്‍ന്നെടുക്കുന്നുവെന്ന ധാരണ ഭൂരിപക്ഷ സമുദായത്തില്‍ വളര്‍ന്നുവന്നാല്‍, അവര്‍ക്കിടയില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ വെറുപ്പും വിദ്വേഷവും കൂടിവരിക സ്വാഭാവികം. ഇത് സാമുദായിക ധ്രുവീകരണത്തിനിടയാക്കുകയും ബി ജെ പിയുടെ വോട്ട് ബേങ്ക് പുഷ്ടിപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ് സമത്വ മുന്നേറ്റ യാത്രയിലുടനീളം വെള്ളാപ്പള്ളിയെ കൊണ്ട് സംഘ്പരിവാര്‍ ഇത്തരമൊരു പ്രചാരണം നടത്തിച്ചത്. അതവരുടെ രാഷ്ട്രീയ അജന്‍ഡയാണെന്ന് മനസ്സിലാക്കി അവഗണിക്കാം. എന്നാല്‍ മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസും ഉള്‍പ്പെട്ടതും മതേതര കക്ഷിയായി അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതുമായ യു ഡി എഫ് ഇത്തരമൊരു പ്രചാരണത്തിന്റെ വക്താക്കളായി മാറുന്നത് എന്തിനാണ്? പ്രതിപക്ഷത്തെ വി എസ് സുനില്‍ കുമാര്‍ സംശയിച്ചത് പോലെ ഖദറിനടിയില്‍ കാക്കി ട്രൗസര്‍ ധരിച്ചവര്‍ മന്ത്രിസഭയിലും നിയമസഭയിലും കടന്നു കൂടിയിട്ടുണ്ടോ? പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും പുതിയ ബില്ലിലും വന്ന സംവരണത്തെക്കുറിച്ച പരാമര്‍ശങ്ങള്‍ മാത്രമല്ല, സംവരണ വിഭാഗങ്ങള്‍ ഉള്‍പ്പെട്ട പി എസ് സിയുടെ എസ് ഐ നിയമന പട്ടിക റദ്ദാക്കിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമമുള്‍പ്പെടെ സംവരണ സമുദായങ്ങളെ ആശങ്കാകുലരാക്കുന്ന മറ്റു പല നീക്കങ്ങള്‍ കൂടിയാണ് ഇത്തരം സന്ദേഹങ്ങള്‍ക്ക് കാരണം.