നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും കോടതി ജാമ്യം അനുവദിച്ചു

>>കേസിലെ അഞ്ചു പ്രതികള്‍ക്കും ജാമ്യം>>സുബ്രഹ്മണ്യസ്വാമിയുടെ ആവശ്യങ്ങള്‍ കോടതി തള്ളി
Posted on: December 19, 2015 3:12 pm | Last updated: December 20, 2015 at 10:46 am
SHARE

 

Congress president Soniiന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി പട്യാല കോടതി ഉപാധികളില്ലാതെ ജാമ്യം നല്‍കി. കോടതി നിര്‍ദേശമനുസരിച്ച് ഹാജരായ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു. ഇരുവര്‍ക്കും അമ്പതിനായിരം രൂപയുടെ ബോണ്ടിലും ഒരാളിന്റെ ഈടിലുമാണ് ജാമ്യം അനുവദിച്ചത്. സോണിയക്ക് വേണ്ടി എ കെ ആന്റണിയും രാഹുലിന് വേണ്ടി സഹോദരി പ്രിയങ്കാ ഗാന്ധിയും ജാമ്യം നിന്നു. അടുത്ത വര്‍ഷം ഫെബ്രുവരി ഇരുപതിന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും കോടതിയില്‍ ഹാജരാകണം.
കേസില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, പാര്‍ട്ടി ട്രഷറര്‍ മോട്ടിലാല്‍ വോറ, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുമന്‍ ദുബെ എന്നിവര്‍ക്കും ഇതേ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ കേസില്‍ ആരോപണവിധേയനായ സാം പിട്രോഡക്ക് കോടതി ഇളവ് അനുവദിച്ചു. അടുത്ത തവണ വാദം കേള്‍ക്കുമ്പോള്‍ പിട്രോഡക്ക് ജാമ്യാപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സോണിയക്കും രാഹുലിനും വേണ്ടി കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയുമാണ് കോടതിയില്‍ ഹാജരായത്. കോടതി മുമ്പാകെ ഹാജാരാകാമെന്ന് ഇരു നേതാക്കളും ഈ മാസം എട്ടിന് അറിയിച്ചതിനെ തുടര്‍ന്ന് 19ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. അഞ്ച് മിനുട്ട് നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ യാതൊരു ഉപാധികളും കൂടാതെയാണ് ജാമ്യം നല്‍കിയത്.
നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഓഹരികള്‍ സോണിയയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യ കമ്പനി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹരജിയിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. നാഷനല്‍ ഹെറാല്‍ഡിന്റെ അയ്യായിരം കോടിയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നായിരുന്നു സ്വാമിയുടെ ആരോപണം.
സോണിയക്കും രാഹുലിനും ശക്തമായ ഉപാധികളോടെ മാത്രമേ ജാമ്യം അനുവദിക്കാവൂവെന്ന് സുബ്രഹ്മണ്യം സ്വാമി വാദിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളി. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇടക്കിടെ രാജ്യം വിട്ടുപോകുന്ന പതിവുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇന്ത്യ വിട്ടുപോകരുത് എന്ന നിബന്ധന ഏര്‍പ്പെടുത്തണമെന്നും സുബ്രഹ്മണ്യം സ്വാമിയുടെ ആവശ്യം മജിസ്‌ട്രേറ്റ് എം എന്‍ ലൗലീന്‍ നിരാകരിച്ചു.
ഇരു നേതാക്കളും രാജ്യത്തെ പ്രമുഖരായ വ്യക്തികളാണ്. രാഷ്ട്രീയമായി അടിവേരുകള്‍ ഉള്ള ഇവര്‍ രാജ്യം വിട്ടു പോകുമെന്ന് സംശയിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. രാവിലെ മുതല്‍ കോടതിക്ക് മുന്നില്‍ വന്‍ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു. പോലീസ്, അര്‍ധ സൈനിക വിഭാഗം, പ്രത്യേക സുരക്ഷാ വിഭാഗം തുടങ്ങിയവരെ സുരക്ഷക്കായി വിന്യസിച്ചിരുന്നു.
സോണിയയുടെ വസതിയായ 10 ജനപഥില്‍ നിന്നാണ് രാഹുല്‍ ഗാന്ധിയുമൊത്ത് സോണിയ കോടതിയിലെത്തിത്. സോണിയയുടെ മകള്‍ പ്രിയങ്ക ഗാന്ധിയും മരുമകന്‍ റോബര്‍ട്ട് വദ്രയും ഇവര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. ഇതിന് പുറമെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും കോടതിയില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതാക്കാള്‍ ഗുലാം നബി ആസാദിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here