ലാപ് ടോപ്പ് മോഷണം ആരോപിച്ച് പത്ത് വയസ്സുകാരന് ക്രൂരമര്‍ദനം

Posted on: December 18, 2015 12:09 am | Last updated: December 18, 2015 at 12:09 am
SHARE

34424-1445136127policebeatingകാസര്‍കോട്: ലാപ്‌ടോപ് മോഷ്ടിച്ചുവെന്നാരോപിച്ച് 10 വയസ്സുകാരനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. അടുക്കത്ത്ബയല്‍ ഗവ. യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയും കര്‍ണാടക കാര്‍വാര്‍ മുണ്ടക്കോട്ട് ഗ്രാമപുരത്തെ മല്ലേശ്- മഞ്ജുള ദമ്പതികളുടെ മകനുമായ പ്രവീണിനെയാണ് ഏതാനും പേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. ഏരിയാലിലെ ഒരു വീട്ടില്‍ നിന്ന് ലാപ്‌ടോപ് മോഷണം പോയിരുന്നു. മോഷ്ടിച്ചത് പ്രവീണാണെന്ന് ആരോപിച്ചാണ് ഒരു സംഘം കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്കെന്ന് പറഞ്ഞ് കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നീട് കുട്ടിയെ അരമണിക്കൂറിന് ശേഷം ഇതേ സംഘം വീട്ടില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
തന്നെ ഇരുമ്പുവടി കൊണ്ട് അടിക്കുകയും മര്‍ദിക്കുകയും ചെയ്തതായും കണ്ണില്‍ പൊടിയിട്ടതായും കുട്ടി പറയുന്നു. അടിയേറ്റതിനെ തുടര്‍ന്ന് കുട്ടിക്ക് കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പരീക്ഷക്ക് കുട്ടി എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് കാര്യം പുറത്തറിഞ്ഞത്. സംഭവം സംബന്ധിച്ച് ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.
അതേസമയം, ഏരിയാലിലെ വീട്ടില്‍ നിന്ന് പ്രവീണ്‍ തന്നെയാണ് ലാപ്‌ടോപ് മോഷ്ടിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രവീണിനെ ചോദ്യം ചെയ്തപ്പോള്‍ മറ്റൊരു കുട്ടിയുടെ പേര് പറഞ്ഞിരുന്നു. ആ കുട്ടിയോട് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്ന് പേരുപറഞ്ഞ കുട്ടിയുടെ പിതാവ് പ്രവീണിനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here