പ്രവാസി തൊഴിലാളികള്‍ക്കു മാത്രമായി അഞ്ച് ഹെല്‍ത്ത് സെന്ററുകള്‍ നിര്‍മാണത്തിലെന്ന് എസ് സി എച്ച്

Posted on: December 17, 2015 9:53 pm | Last updated: December 17, 2015 at 9:53 pm

ദോഹ: പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടി അഞ്ച് ഹെല്‍ത്ത് സെന്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ് സി എച്ച്). പൊതുവായി 20 ഹെല്‍ത്ത് സെന്ററുകള്‍ കൂടി നിര്‍മിക്കുന്നുണ്ട്. 2022 ആകുമ്പോഴേക്കും 25 ഹെല്‍ത്ത് സെന്ററുകളും 11 ഹോസ്പിറ്റലുകളും മറ്റ് 82 പുതിയതും നവീകരിക്കുന്നതുമായ ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 2011-2016 ദേശീയ ആരോഗ്യ കര്‍മപദ്ധതിയുടെ 71 ശതമാനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴില്‍ തൊഴിലാളികള്‍ക്ക് വേണ്ടി മൂന്ന് സ്‌പെഷ്യലൈസ്ഡ് ആശുപത്രികളും പണിയുന്നുണ്ട്. ജനറല്‍ മെഡിസിന്‍, കൂടുതല്‍ ബെഡുകള്‍ ഉള്‍പ്പെടുത്തുക, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകള്‍, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ട് എട്ട് ആശുപത്രികളും എച്ച് എം സി നിര്‍മിക്കുന്നുണ്ട്. സ്വഭാവ വൈകല്യങ്ങള്‍ പരിചരിക്കുന്നതിന് മാത്രം കേന്ദ്രവും ദേശീയ നിലവാരത്തിലുള്ള ലബോറട്ടറിയും ഭക്ഷ്യപരിശോധനക്ക് രണ്ട് ലാബുകളും എസ് സി എച്ച് നിര്‍മിക്കുന്നുണ്ട്. എച്ച് എം സി, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് 2011- 2016 ദേശീയ വികസന കര്‍മപദ്ധതി അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എസ് സി എച്ച് നടത്തുന്നത്. എല്ലാവര്‍ക്കും സമഗ്ര ആരോഗ്യ സംരക്ഷണ സംവിധാനം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം.
ദേശീയ ആരോഗ്യ കര്‍മപദ്ധതിയുടെ വലിയ നേട്ടങ്ങളിലൊന്നാണ് ഖത്വരികള്‍ക്കുള്ള ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് സംവിധാനം. 2016ഓടെ എല്ലാ ഖത്വരികളെയും ഇന്‍ഷ്വറിന്‍സിന് കീഴില്‍ കൊണ്ടുവരും. ആരോഗ്യ മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, ഡോക്ടര്‍മാരുടെ ഖത്വരി കൗണ്‍സില്‍, പ്രമേഹത്തിനെതിരെയുള്ള ദേശീയ കര്‍മപദ്ധതി, അടിയന്തര ഘട്ടങ്ങളിലെ ദ്രുതസേവനം, കാന്‍സര്‍ രോഗികളെ 48 മണിക്കൂറിനുള്ളില്‍ ട്രാന്‍സ്ഫര്‍ ചെയ്യുക, കാന്‍സര്‍ ഖത്വര്‍ നാഷനല്‍ രജിസ്ട്രി തുടങ്ങിയവയും പ്രധാന പദ്ധതികളാണ്.
ഇ ഹെല്‍ത്ത് പ്രോഗ്രാം അടുത്ത വര്‍ഷം തുടങ്ങും. ഓരോ രോഗിക്കും ഏകീകൃതവും സമഗ്രവുമായ ഇ ഫയല്‍ ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.