Connect with us

Wayanad

കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യത; വയലില്‍ കൊയ്തിട്ട നെല്ല് വെള്ളത്തില്‍

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി: കഴി ഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വയലില്‍ കൊയ്തിട്ട നെല്ല് വെള്ളത്തിലായി. മലങ്കര വയല്‍, കല്ലിന്‍കര, താഴത്തൂര്‍ എന്നിവിടങ്ങളില്‍ ഏക്കര്‍കണക്കിന് നെല്ലാണ് വെള്ളത്തിലായത്.
പല സ്ഥലങ്ങളിലും നെല്ല് മുളക്കാനും തുടങ്ങി. മലങ്കരവയലില്‍ മാത്രം 20ഓളം ഏക്കര്‍ വയലില്‍ വെള്ളം കയറി. ശങ്കു, രഘു, പ്രകാശന്‍, ബാലന്‍ തുടങ്ങിയവരുടെ നെല്ല് പൂര്‍ണമായി വെള്ളത്തിലായി. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കൃഷിയിടങ്ങളിലേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മഴക്കുറവ് മൂലം ഇത്തവണ ഏറെ ബുദ്ധിമുട്ടിയാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. മോട്ടറുപോയഗിച്ച് വെള്ളമടിച്ചാണ് പല സ്ഥലത്തും ഞാറ് നട്ടത്. എന്നാല്‍, കൊയ്യാറായപ്പോള്‍ തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കൃഷിക്കാര്‍.
മെതിച്ച നെല്ല് ഉണക്കിയെടുക്കാനും സാധിക്കുന്നില്ല. ഒരേക്കര്‍ നെല്ല് കൃഷി ചെയ്യുന്നതിന് 15,000 രൂപയോളമാണ് ചെലവ്. പലരും കടമെടുത്ത് പാട്ടത്തിന് വയല്‍ വാങ്ങിയാണ് കൃഷിയിറക്കിയത്. ഇത്തവണത്തെ നെല്‍കൃഷി പലര്‍ക്കും കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്.