രൂപേഷിനെ വായാട് കോളനിയില്‍ എത്തിച്ച് തെളിവെടുത്തു

Posted on: December 17, 2015 10:22 am | Last updated: December 17, 2015 at 10:22 am

നാദാപുരം/കോഴിക്കോട്: കുറ്റിയാടി പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിലങ്ങാട് വായാട് കോളനിയില്‍ എത്തിച്ച് തെളിവെടുത്തു. തണ്ടര്‍ബോള്‍ട്ട് സ്‌ക്വാഡിന്റെയും പോലീസിന്റെയും അകമ്പടിയോടെയാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ രൂപേഷിനെ കോളനിയിലെത്തിച്ചത്. മാവോയിസ്റ്റ്‌സംഘം ആദ്യമെത്തിയ വീട്ടിലും രൂപേഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ക്വാറി മാഫിയകളെ അടിച്ചമര്‍ത്തണമെന്നും ആദിവാസികള്‍ക്ക് ഭൂമിയും പട്ടയവും നല്‍കണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് രൂപേഷ് പോലീസ് വാഹനത്തില്‍ നിന്ന് ഇങ്ങിയത്. തുറുങ്കിലടച്ചാലും തൂക്കിലേറ്റിയാലും പോരാട്ടം തുടരുമെന്നും രൂപേഷ് വിളിച്ചുപറയുന്നുണ്ടായിരുന്നു. വിലങ്ങാട് ആദിവാസി കോളനിയില്‍ എന്തിനാണ് എത്തിയതെന്ന പോലീസ് സംഘത്തിന്റെ ചോദ്യത്തിനും രൂപേഷ് മറുപടി നല്‍കിയില്ല.
നാദാപുരം ഡി വൈ എസ് പി പ്രേംദാസിന്റെ അപേക്ഷ പരിഗണിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഈ മാസം 19ന് മൂന്നിന് മുമ്പായി കോടതിയില്‍ തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥയില്‍ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയായിരുന്നു.
രാജ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം, അന്യായമായി സംഘം ചേരല്‍, ആയുധം കൈവശം വെക്കല്‍, കൊലക്ക് ആഹ്വാനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ കേസുകളാണ് രൂപേഷിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഇതിനു പുറമെ യു എ പി എ നിയമപ്രകാരവും കേസുണ്ട്.
2013ല്‍ വിലങ്ങാട് വായാട് കോളനിയില്‍ ആയുധധാരികളായെത്തിയ രൂപേഷും സംഘവും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രചാരണങ്ങള്‍ നടത്താന്‍ ആദിവാസികളെ പ്രേരിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ ക്രൈം നമ്പര്‍ 861/ 13 പ്രകാരം വളയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇതേ വര്‍ഷം കുറ്റിയാടിക്കടുത്ത് ക്വാറിയില്‍ ടിപ്പര്‍ ലോറിയും ഒരു എസ്‌കവേറ്ററും കത്തിച്ച കേസുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമാണ് രൂപേഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പിന് ശേഷം നാദാപുരം പോലീസ് സ്റ്റേഷനിലെത്തിച്ച രൂപേഷിനെ നാളെ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.