പഞ്ചാബില്‍ മതം രാഷ്ട്രീയ ആയുധമാക്കി അകാലിദള്‍

Posted on: December 17, 2015 4:43 am | Last updated: December 17, 2015 at 12:49 am

അമൃത്‌സര്‍: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ സിഖ് കലാപം വീണ്ടും ആയുധമാക്കാന്‍ ഒരുങ്ങി ഭരണ കക്ഷിയായ അകാലി നേതൃത്വം. സംസ്ഥാന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയവും മതവും വേര്‍തിരിക്കാനാകില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുന്ന നീക്കവുമായാണ് അകാലി ദള്‍ നേതൃത്വം മുന്നോട്ടുപോകുന്നത്.
കോണ്‍ഗ്രസ് സിഖ് സമൂഹത്തിന് എതിരാണെന്ന് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 1984ലെ സിഖ് വിരുദ്ധ കലാപം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവരാനാണ് അവരുടെ നീക്കം. അത്തരത്തിലുള്ള ഒരു പരാമര്‍ശം അടുത്തിടെ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ നടത്തിയത് ഇത് ലക്ഷ്യം വെച്ചാണെന്നാണ് വിലയിരുത്തല്‍. കലാപത്തിന്റെ മുറിവുകള്‍ പച്ചയായി ഇന്നും ഓരോ സിഖുകാരന്റെയും മനസ്സിലുണ്ടെന്നും അവര്‍ക്ക് കോണ്‍ഗ്രസിനോട് ക്ഷമിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബാദലിന്റെ പ്രസ്താവന.
സിഖ് മതവിഭാഗത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കലാപത്തിലാണ് നൂറുകണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുറ്റവാളികള്‍ക്ക് ശിക്ഷയും ഇരകള്‍ക്ക് നീതിയും കിട്ടുന്നതുവരെ ശിരോമണി അകാലി ദള്‍ കേന്ദ്രത്തെ സമീപിക്കും. കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ഈ ഉറപ്പ് തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബാദല്‍ പറയുന്നു. തങ്ങളുടെ ഭരണപരാജയം മറച്ചുവെക്കാന്‍ എല്ലാ കാലത്തും അകാലി ദള്‍ സര്‍ക്കാര്‍ ഇത്തരം പ്രചാരണം നടത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ അത് ഫലവത്താകില്ലെന്നും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് പ്രതികരിച്ചു.
2017ലാണ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയെങ്കിലും ഒരു ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. എന്നാല്‍, ഉപതിരഞ്ഞെടുപ്പിനുള്ള തീയതി കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.