പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ചു

Posted on: December 16, 2015 2:20 pm | Last updated: December 17, 2015 at 9:25 am
SHARE

oommen chandy-modiതിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യത്തെ കുറിച്ച് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. പരിപാടിയിലേക്ക് ക്ഷണിച്ച്, ഫലകത്തില്‍ അധ്യക്ഷസ്ഥാനത്ത് പേരും അച്ചടിച്ച ശേഷം അജ്ഞാതമായ കാരണങ്ങളാല്‍ തന്നെ ഒഴിവാക്കാന്‍ വെള്ളാപ്പള്ളി നിര്‍ബന്ധിതനാകുകയായിരുന്നെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
കാര്യങ്ങളുട സത്യാവസ്ഥ അറിയിക്കാനും തെറ്റിദ്ധാരണ ഒഴിവാക്കാനുമാണ് കത്തെഴുതുന്നത്. വിവാദങ്ങളില്‍ ഒഴിഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെങ്കിലും പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയായതിനാല്‍ താങ്കള്‍ ഇടപെട്ട് ഈ വിവാദം ഒഴിവാക്കേണ്ടതായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായാല്‍ താങ്കളുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും മുഖ്യമന്ത്രി കത്തിലൂടെ ആരാഞ്ഞു.
കൊല്ലത്തെ ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ തന്റെ അഭാവം കാരണം ഉയര്‍ന്ന വിവാദങ്ങളില്‍ ഖേദമുണ്ട്. തന്റെ ഓഫീസില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കാതെ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗും രാജീവ് പ്രതാപ് റൂഡിയും പാര്‍ലിമെന്റില്‍ മറുപടി നല്‍കിയത് നിര്‍ഭാഗ്യകരമാണ്. തന്റെ അസൗകര്യം മൂലം ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് പ്രതാപ് റൂഡി അറിയിച്ചത്. ഒരിടത്തും താന്‍ അങ്ങനെ പറഞ്ഞിട്ടില്ല- കത്ത് വ്യക്തമാക്കുന്നു. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറിയും പരിപാടിയുടെ മുഖ്യ സംഘാടകനുമായ വെള്ളാപ്പള്ളി നടേശന്‍ ക്ഷണിച്ചത് അനുസരിച്ചാണ് ഞാന്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചത്. ഇത് പ്രകാരമാണ് തന്നെ അധ്യക്ഷനാക്കിയുള്ള ഫലകം തയ്യാറാക്കിയത്. താന്‍ പങ്കെടുത്താല്‍ ചിലര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇന്റലിജന്‍സ് അറിയിച്ചതായി ഇക്കഴിഞ്ഞ 11ന് മന്ത്രി കെ ബാബു മുഖാന്തിരം വെള്ളാപ്പള്ളി തന്നെ അറിയിച്ചു. എന്നാല്‍, പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരം ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്ലെന്നാണ് അവര്‍ അറിയിച്ചത്. 12ന് വെള്ളാപ്പള്ളി തന്നെ നേരിട്ട് ബന്ധപ്പെട്ട് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആവശ്യം സ്വീകരിക്കുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് ഫോണില്‍ തന്നെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം താന്‍ അറിയിച്ചു. തുടര്‍ന്നാണ് താന്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് തന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കിയത്. അന്ന് വൈകുന്നേരം അഞ്ചോടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വീണ്ടും ബന്ധപ്പെട്ടപ്പോള്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ ആദ്യത്തെ സംസ്ഥാന സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ പങ്കെടുക്കേണ്ടതാണ്. എന്നാല്‍, എന്തിനാണ് ഒഴിവാക്കിയതെന്ന് അറിയില്ല. കൊല്ലത്തേത് സ്വകാര്യ ചടങ്ങാണെന്നും അതിഥികളെ ക്ഷണിക്കാനും ക്ഷണിക്കാതിരിക്കാനും അവര്‍ക്ക് അവകാശമുണ്ടെന്നുമാണ് സംഘാടകര്‍ പിന്നീട് അറിയിച്ചതെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here