Connect with us

National

രാജീവ് വധം: ജീപര്യന്തത്തില്‍ ഇളവ് തേടി നളിനി ഹൈക്കോടതിയില്‍

Published

|

Last Updated

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി സമര്‍പ്പിച്ച ഹരജി പ്രകാരം തമിഴ്‌നാട് സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. 20 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ ജീവപര്യന്തം തടവുകാരെ വിട്ടയക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയില്‍ തന്നെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നളിനി ശ്രീഹരന്റെ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് എം എം സുന്ദ്രേഷ്, സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനും ജയില്‍ അധികൃതര്‍ക്കും നോട്ടീസ് അയച്ചു. ഈ ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ക്രിസ്മസ് അവധിക്ക് ശേഷം നടക്കുമെന്നും ജസ്റ്റിസ് അറിയിച്ചു.
വെല്ലൂരിലെ സ്ത്രീകള്‍ക്കുള്ള പ്രത്യേക ജയിലിലാണ് ഇപ്പോള്‍ നളിനിയുള്ളത്. ഇതിനകം 24 വര്‍ഷം തടവ് ശിക്ഷ പൂര്‍ത്തിയാക്കിയ തന്നെ വിട്ടയക്കണമെന്നാണ് അവരുടെ ആവശ്യം. 1998ല്‍ നളിനിയെ ഈ കേസില്‍ വധശിക്ഷക്ക് വിധിച്ചിരുന്നു. വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
എന്നാല്‍, ഭരണഘടനയിലെ 161 വകുപ്പ് പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള സവിശേഷ അധികാരം ഉപയോഗിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ നളിനിയുടെ ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കുകയായിരുന്നു. ഇതില്‍ നിന്നും ഇളവ് തേടിയാണ് നളിനി ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പത്ത് വര്‍ഷം ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ 2,200ഓളം ജീവപര്യന്തം തടവുകാരെ ഇതിനകം സംസ്ഥാനം മോചിപ്പിച്ചിട്ടുണ്ടെന്നും തന്ന മാത്രം അതില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നളിനി ഹരജിയില്‍ ചൂണ്ടിക്കാട്ടി. നിശ്ചിത സമയപരിധിക്കുള്ളില്‍ തന്റെ അപേക്ഷയിന്മേല്‍ കോടതിയുടെ നിര്‍ദേശമുണ്ടാകണമെന്നും അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നളിനിയെ കൂടാതെ ആറ് പേരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുന്നത്. 1991 മെയ് 21ന് ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി എല്‍ ടി ടി ഇയുടെ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത്.

 

Latest