സഊദിയുടെ നേതൃത്വത്തില്‍ ഭീകരതക്കെതിരെ 34 രാജ്യങ്ങളുടെ സഖ്യസേന

Posted on: December 15, 2015 2:02 pm | Last updated: December 15, 2015 at 5:28 pm

Arab Press meetറിയാദ്: ഭീകരതയെ നേരിടുവാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക സഖ്യസേന രൂപവത്കരിക്കുന്നു. 34 രാജ്യങ്ങളിലെ സൈനികരെ കൂട്ടിയിണക്കിയാണ് സഖ്യസേന രൂപവത്കരിക്കുന്നത്. ലോകസമാധാനം കെടുത്തുന്ന ഭീകരര്‍ക്കെതിരെ ഒറ്റക്കെട്ടായി മുസ്ലിം രാഷ്ട്രങ്ങളിലെ സൈനികള്‍ നേരിടുമെന്ന് സൗദി ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. റിയാദ് ആസ്ഥാനമായി മുസ്‌ലിം രാഷ്ട്രങ്ങളിലെ സൈനിക കൂട്ടായ്മ രൂപീകരണത്തിനു ശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തുള്ള ബഹു ഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളും ഈ സഖ്യത്തില്‍ ചെര്‍ന്നിട്ടുണ്ട്. മുസ്‌ലിംലോകം പ്രത്യേകിച്ചും, മറ്റു സമൂഹങ്ങള്‍ പൊതുവേയും ഭീകരാക്രമണങ്ങലുടെ ഇരകളാണ്. ഈ സഖ്യസേനയുടെ പ്രവര്‍ത്തനങ്ങള്‍ എകൊപ്പിക്കുന്നതിനും, മുസ്ലിം രാജ്യങ്ങളില്‍ എവിടെയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അതിനെ നേരിടുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും റിയാദില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്നും രാജകുമാരാന്‍ പറഞ്ഞു.

ഇന്ന് ഓരോ രാജ്യങ്ങളും ഒറ്റയായാണ് ഭീകതക്കെതിരെ യുദ്ധം ചെയ്യുന്നത്. റിയാദില്‍ തുറക്കുന്ന കണ്‍ട്രോള്‍ റൂം വഴി പ്രവര്‍ത്തനങ്ങളെ ഏകോപിച്ച് കൂട്ടായ ഒരു മുന്നേറ്റം സാധ്യമാകും. പത്തിലധികം രാഷ്ട്രങ്ങള്‍ ഈ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 34 മുസ്ലിം രാഷ്ട്രങ്ങളാണ് ഈ സഖ്യസേനയില്‍ നിലവില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുള്ള രാജ്യങ്ങളും താമസിയാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്ത്തിയാകി ഈ കൂട്ടായ്മയില്‍ ചേരുമെന്നാണ് വിശ്വാസം.

ഭീകരവാദികളുടെ ക്രൂരതകള്‍ക്ക് ഇരയായ സിറിയ, ഇറാഖ്, സൈനാ , യെമന്‍, ലിബിയ, നൈജീരിയ, മാലി റിപ്പ്ബ്ലിക്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇസ്‌ലാമിക് സഖ്യസേനയുടെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നതില്‍ സംശയമില്ല. അതുപോലെ പ്രധാനമായ മറ്റു രാഷ്ട്രങ്ങളുമായും ഭീകര വിരുദ്ധ സംഘടനകളുമായും കൈകോര്‍ക്കും. ഇത് ഐ എസിനെ ഉദ്ദേശിച്ചു രൂപീകരിച്ചതാണോ എന്നാ ചോദ്യത്തിനു ഐ എസ് മാത്രമല്ലെന്നും മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏതു ഭീകരതെയും നേരിടുമെന്നും രാജകുമാരാന്‍ മറുപടി നല്‍കി.