കോക്കൂര്‍ സ്‌കൂളിലെ തീപ്പിടിത്തം; അന്വേഷണം ഊര്‍ജിതമാക്കി

Posted on: December 15, 2015 11:44 am | Last updated: December 15, 2015 at 11:44 am

ചങ്ങരംകുളം: കോക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സ്‌കൂളിലെത്തിയ ഡോഗ് സ്‌കോഡും വിരലടയാള വിദഗ്ധരും സ്‌കൂളില്‍ വിശദമായ പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സ്‌കൂളിലെ യു പി വിഭാഗം സ്റ്റാഫ് റൂമില്‍നിന്നും പുക ഉയരുന്നത് ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന കുട്ടികളുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍തന്നെ സമീപത്തുള്ള നാട്ടുകാരെയും പി ടി എ ഭാരവാഹികളെയും വിവരമറിയിക്കുകയും വാതില്‍ തകര്‍ത്ത് അകത്തു കടന്ന് നാട്ടുകാരും പി ടി എ ഭാരവാഹികളും ചേര്‍ന്ന് തീ അണക്കുകയുമായിരുന്നു. വൈദ്യുതി ബന്ധമില്ലാത്ത സ്റ്റാഫ് റൂമില്‍ തീപിടിക്കാനുള്ള കാരണം ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. പുറത്തു നിന്നും കിഴക്കു വശത്തുള്ള ജനല്‍ വഴിയാണ് തീ അകത്തെത്തിയിരിക്കുന്നതെന്നാണ് നിഗമനം. സാമൂഹ്യ ദ്രോഹികളാണ് സംഭവത്തിന് പിന്നില്‍ എന്നും ആക്ഷേപമുണ്ട്. മുന്‍പും കോക്കൂര്‍ സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ സ്‌കൂള്‍ ഉപകരണങ്ങള്‍ നശിച്ചിരുന്നു.
കെ എസ് ഇ ബി അധികൃതര്‍ സ്ഥലത്തെത്തുകയും വൈദ്യുതി മൂലമല്ല തീപടര്‍ന്നതെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. തീപിടിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന നിരവധി രേഖകള്‍ കത്തി നശിച്ചു. ചങ്ങരംകുളം എസ് ഐ. ആര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി. തീപിടുത്തത്തിലെ ദുരൂഹത നീക്കണമെന്നും സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്‌കൂള്‍ പി ടി എയും സംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.