Connect with us

National

തീര സംരക്ഷണ സേനാ ഡി ഐ ജിയെ പിരിച്ചുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: തീരസംരക്ഷണ സേനാ ഡി ഐ ജി. ബി കെ ലോശാലിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കഴിഞ്ഞ വര്‍ഷം പാക് മത്സ്യബന്ധന ബോട്ട് മുങ്ങിയതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനം പുറത്ത് നടത്തിയതാണ് ലോശാലിക്കെതിരായ നടപടിക്ക് കാരണമായത്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പുറത്താക്കന്‍ തീരുമാനിച്ചത്.
മുതിര്‍ന്ന ഡി ഐ ജിമാരുടെ സംഘം മൂന്ന് മാസമായി നടത്തിയ അന്വേഷണത്തില്‍ ലോശാലിക്കെതിരായ മുഴുവന്‍ കുറ്റാരോപണങ്ങളും ശരിയാണെന്ന് വ്യക്തമായതായി തീരസംരക്ഷണ സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുതുവത്സര ദിനത്തിന്റെ തലേന്നാണ് ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധ ന ബോട്ട് തീരസംരക്ഷണ സേന സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. തീരസംരക്ഷണ സേന ബോട്ടിനടുത്ത് എത്തുന്നതിന് മുമ്പ് കടലില്‍ പൊട്ടിത്തെറിക്കുകയും മുങ്ങുകയുമായിരുന്നു. ബോട്ടിന് തീവ്രവാദി ബന്ധമുണ്ടെന്നായിരുന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. കള്ളക്കടത്ത് ബോട്ടായി അതിനെ കാണാനാകില്ലെന്നും തീരസംരക്ഷണ സേന പിടിക്കുമെന്ന ഘട്ടമെത്തിയപ്പോള്‍ സ്വയം പൊട്ടിത്തെറിച്ചത് തീവ്രവാദി ബന്ധത്തിന്റെ തെളിവാണെന്നും പരീക്കര്‍ പറഞ്ഞിരുന്നു. ബോട്ടിലുണ്ടായിരുന്നവര്‍ പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍, കടകവിരുദ്ധമായ വാദമാണ് തീരസംരക്ഷണ സേനയിലെ അംഗങ്ങളും ലാര്‍സന്‍ ആന്‍ഡ് ടര്‍ബോയിലെ ഉദ്യോഗസ്ഥരും അടങ്ങിയ സദസ്സില്‍ ലോശാലി അവതരിപ്പിച്ചത്. ബോട്ട് തകര്‍ക്കാന്‍ താന്‍ ഉത്തരവിടുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. “ഡിസംബര്‍ 31ന് രാത്രി ഞാന്‍ ഗാന്ധിനഗറില്‍ ഉണ്ടായിരുന്നു. ഞാനാണ് ബോട്ട് തകര്‍ക്കാന്‍ ഉത്തരവിട്ടത്. അവര്‍ക്ക് ബിരിയാണി ഉണ്ടാക്കിക്കൊടുക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു”- എന്നാണ് ഫെബ്രുവരി 15ന് നടന്ന ചടങ്ങില്‍ ലോശാലി പറഞ്ഞത്. ലോശാലിയുടെ വാക്കുകള്‍ സര്‍ക്കാറിന്റെ സിദ്ധാന്തം പൊളിക്കുകയും വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തു. ഇതോടെ ചീഫ് ഓഫ് സ്റ്റാഫ് തസ്തികയില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്.

Latest