ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോ: ആഴ്‌സണലിന് ബാഴ്‌സ എതിരാളി

Posted on: December 14, 2015 11:32 pm | Last updated: December 14, 2015 at 11:32 pm

UEFA Champions League and UEFA Europa League - Quarter Final Drawപാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് ഭാഗ്യത്തിന് രക്ഷപ്പെട്ട ആഴ്‌സണലിന്റെ അടുത്ത എതിരാളി കിരീടഫേവറിറ്റുകളായ ബാഴ്‌സലോണ. റയല്‍മാഡ്രിഡ് എ എസ് റോയേയും യുവെന്റസ് ബയേണ്‍ മ്യൂണിക്കിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് പി എസ് വി ഐന്തോവനേയും ബെന്‍ഫിക്ക സെനിത് സെന്റ് പീറ്റഴ്‌സ്ബര്‍ഗിനെയും മാഞ്ചസ്റ്റര്‍ സിറ്റി ഡൈനാമോ കിവിനെയും വോള്‍സ്ബര്‍ഗ് ജെന്റിനെയും പ്രീക്വാര്‍ട്ടറില്‍ നേരിടും.
2006 ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളാണ് ബാഴ്‌സലോണയും ആഴ്‌സണലും.
പാരീസില്‍ നടന്ന ഫൈനലില്‍ ബാഴ്‌സലോണ 2-1ന് ജയിച്ചു. ആര്‍സെന്‍ വെംഗര്‍ക്ക് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കാനുള്ള അവസരമായിരുന്നു അന്ന് ഫ്രാങ്ക് റൈക്കാര്‍ഡ് പരിശീലിപ്പിച്ച ബാഴ്‌സലോണ തട്ടിത്തെറിപ്പിച്ചത്. ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ തോല്‍വിയിലേക്ക് വഴുതിയത്. തിയറി ഓന്റിയായിരുന്നു അന്ന് പീരങ്കിപ്പടയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. ഫൈനലില്‍ ഓന്റിയുടെ ക്രോസില്‍ ഡിഫന്‍ഡര്‍ സോള്‍ കാംപെലിന്റെ ഹെഡര്‍ ഗോളില്‍ ആഴ്‌സണല്‍ ലീഡെടുത്തു. എന്നാല്‍, ഗോള്‍ കീപ്പര്‍ യെന്‍സ് ലെഹ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയ ആഴ്‌സണലിനെ റൊണാള്‍ഡീഞ്ഞോയുടെ ബാഴ്‌സലോണ കീഴടക്കി. ഇത്തവണയും ബാഴ്‌സലോണക്ക് തന്നെയാണ് സാധ്യത. ഫ്രഞ്ച് ലീഗില്‍ എതിരില്ലാത്ത കിരീടത്തിലേക്ക് കുതിക്കുന്ന പാരിസ് സെയിന്റ് ജെര്‍മനും ഇംഗ്ലീഷ് ലീഗില്‍ തപ്പിത്തടയുന്ന ചെല്‍സിയും തുടരെ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ നേര്‍ക്കുനേര്‍.
ആദ്യ തവണ ചെല്‍സിക്കായിരുന്നു ജയമെങ്കില്‍ കഴിഞ്ഞ തവണ പി എസ് ജി കണക്ക് തീര്‍ത്തും. രണ്ട് തവണയും എവേ ഗോളായിരുന്നു ജേതാവിനെ നിശ്ചയിച്ചത്. ചെല്‍സി ക്വാര്‍ട്ടറിലെത്തുമെന്നാണ് ബെറ്റിംഗ് റേറ്റിംഗ്. റയലിന് ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമ വെല്ലുവിളിയാകില്ല. ബാഴ്‌സലോണയോട് 6-1ന് തകര്‍ന്നുപോയ റോമക്ക് ക്രിസ്റ്റ്യാന ഉള്‍പ്പെടുന്ന റയലിന്റെ താരനിരയെ നേരിടുമ്പോള്‍ ഏറെ ജാഗ്രത കാണിക്കേണ്ടി വരും. ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസിന് പഴയ ഫോമില്ല. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ കുതിപ്പ് തടയാന്‍ സാധിക്കണമെങ്കില്‍ ഉറച്ച പ്രതിരോധനിരയെ തന്നെ യുവെന്റസ് കളത്തിലിറക്കേണ്ടി വരും.
സെനിതിന്റെ സമീപകാല ഫോം ബെന്‍ഫിക്കയുടെ ക്വാര്‍ട്ടര്‍സാധ്യതകള്‍ ചോദ്യം ചെയ്യുന്നു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഡൈനാമോ കീവ് വലിയ വെല്ലുവിളിയാകില്ലെന്നാണ് കണക്ക്കൂട്ടല്‍. എന്നാല്‍, 2010-11 യൂറോപ ലീഗില്‍ ഡൈനാമോ കീവിനോട് തോറ്റ് സിറ്റി പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.