തിരഞ്ഞെടുപ്പുകളില്‍ നിന്നും സ്ത്രീകള്‍ ഒഴിഞ്ഞു നില്‍ക്കണമെന്നു സൗദി ഗ്രാന്റ് മുഫ്തി

Posted on: December 14, 2015 6:45 pm | Last updated: December 14, 2015 at 6:45 pm

grand mufthiറിയാദ്: സ്ത്രീകള്‍ തങ്ങളുടെ മഹ്‌റമുകളല്ലാത്ത അന്യ പുരുഷന്മാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും നിലവിലോ ഭാവിയിലോ കുഴപ്പങ്ങളൂണ്ടായേക്കാവുന്ന കാരണങ്ങളില്‍ നിന്നും ദൂരെ നില്‍ക്കണമെന്നും സൗദി പണ്ഡിത സഭ പ്രസിഡണ്ടും ഫത്‌വാ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാ ആലു ശൈഖ് പറഞ്ഞു.
സൗദിയിലെ അല്‍ മജ്ദ് ചാനലില്‍ ‘മുഫ്തിയോടോപ്പം’ എന്ന പ്രോഗ്രാമില്‍ ചോദ്യകര്‍ത്താവിനു മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം. തന്റെ അടുത്ത ബന്ധത്തില്‍ പെട്ട ചില സ്ത്രീകള്‍ മുന്‍സിപ്പാലിറ്റി തിരെഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ട് ഇസ്ലാമിക വീക്ഷണത്തില്‍ അത് അനുവദനീയമാണോ എന്നതായിരുന്നു ഗ്രാന്റ് മുഫ്തിയോടു ചോദിക്കപ്പെട്ടത്.

അതേ സമയം മുസ്‌ലിം സ്ത്രീകള്‍ മുന്‍സിപ്പാലിറ്റികളിലേക്കു മത്സരിക്കുന്നതും അവരെ വിജയിപ്പിക്കുന്നതും ഹറാമാണെന്നു സൗദിയിലെ പ്രമുഖ പണ്ഡിതന്‍ അബ്ദു റഹ്മാന്‍ ബറാക് ഫത്വുവ പുറപ്പെടുവിച്ചു, സ്ത്രീകള്‍ മത്സരിക്കുന്നതിന്റെ ഇസ്‌ലാമിക വിധിയെകുറിച്ചുള്ള അന്വേഷണത്തിന് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ മറുപടി എഴുതുകയായിരുന്നു.
സ്ത്രീകള്‍ ഇത്തരം കാര്യങ്ങളിലേക്ക് മുന്നോട്ടു വരുന്നത് അന്യ പുരുഷന്മാരുമായുള്ള കൂടിച്ചേരലിനു വേദിയാവുകയും ഭാവിയിലത് വലിയ ഭവിഷ്യത്തിനു കാരണമാവുകയും ചെയ്യും. വിശുദ്ധ ഹറമുകളുടെ നാടും പാശ്ചാത്യവല്‍കരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കണം അവര്‍ കുഴപ്പങ്ങളിലേക്ക് വാതില്‍ തുറക്കുന്ന താക്കോലുകളാവരുതെന്നും അദ്ദേഹം പറഞ്ഞു.