Connect with us

Kerala

സ്മാര്‍ട്‌സിറ്റി: കണ്‌സെപ്റ്റ്പ്ലാന്‍ നാളെ സമര്‍പ്പിക്കും

Published

|

Last Updated

കൊച്ചി: വിവാദങ്ങള്‍ക്കിടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ കണ്‍സെപ്റ്റ് പ്ലാന്‍ നാളെ കേന്ദ്ര നഗരവികസന മന്ത്രായലയത്തിനു സമര്‍പ്പിക്കും. കേന്ദ്ര സര്‍ക്കാറിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയുടെ പ്രാഥമിക പട്ടികയിലാണ് കൊച്ചി ഇടംപിടിച്ചിട്ടുള്ളത്. അവസാന 20ല്‍ എത്താനുള്ള മുന്നൊരുക്കങ്ങളാണ് കൊച്ചി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ ചൊവ്വാഴ്ച അന്തിമ പദ്ധതി അവതരിപ്പിക്കാനൊരുങ്ങുമ്പോഴും കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വ്യക്തയുണ്ടായിട്ടില്ല. കഴിഞ്ഞ കൗണ്‍സില്‍ കാലത്താണ് സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുതിയ ഭരണ സമിതി ചുമതലയേറ്റ ശേഷം സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ വിഷാവതരണം നടത്തിയെങ്കിലും അംഗങ്ങളുടെ സംശയത്തിന് മറുപടി നല്‍കിയിരുന്നില്ല. പദ്ധതി സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്നും ഇതിനായി പ്രത്യേക കൗണ്‍സില്‍ ചേരണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുണ്ടായില്ല. അന്തിമ പ്ലാന്‍ കൗണ്‍സില്‍ കാണാതെയാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
തുടക്കം മുതല്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയെ ഗൗരവത്തോടെ സമീപിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറായില്ല. പദ്ധതിക്ക് അനുകൂലമാണെന്ന് പുറമേക്ക് പറയുന്ന പ്രതിപക്ഷം ലഭിക്കുന്ന അവസരങ്ങളില്‍ പദ്ധതിയെ എതിര്‍ക്കുകയാണ് പതിവ്. എന്നാല്‍ പദ്ധതി സംബന്ധിച്ച് വ്യക്ത വരുത്തുന്നതില്‍ പ്രതിപക്ഷവും പരാജയപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഒരിക്കല്‍ പദ്ധതി സംബന്ധിച്ച് കൗണ്‍സിലില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തിയിരുന്നു. പദ്ധതിയെന്താണെന്ന് പോലും തങ്ങള്‍ക്ക് മനസ്സിലായില്ലെന്നാണ് അന്ന് ഭൂരിഭാഗം കൗണ്‍സിലര്‍മാരും തുറന്ന് പറഞ്ഞത്. ഒന്നുമറിയാത്ത ഇതേ കൗണ്‍സിലര്‍മാര്‍ വാര്‍ഡ് സഭ വിളിച്ചുകൂട്ടി ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും സ്വീകരിച്ചു.
പുതിയ ഭരണസമിതിക്ക് പദ്ധതി പരിചയപ്പെടുത്തുന്ന പവര്‍ പോയിന്റ് പ്രസന്റേഷനില്‍ ഒട്ടേറെ സംശയങ്ങളുമായാണ് ജനപ്രതിനിധികള്‍ എത്തിയത്. സംശയങ്ങള്‍ ദൂരീകരിക്കാനാകാതെ കൗണ്‍സില്‍ പിരിയുകയും ചെയ്തു. പിന്നീട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ ലോഗോ മനോരമ പത്രത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയത് ബഹളത്തിനിടയാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കലക്ടര്‍ മേയറുടെ ചുമതല വഹിച്ചിരുന്നപ്പോഴായിരുന്നു ലോഗോ തയ്യാറാക്കിയത്. കൗണ്‍സില്‍ ബഹളത്തിനെതിരെ കലക്ടര്‍ രാജമാണിക്യം കോര്‍പറേഷനെതിരെ ആഞ്ഞടിച്ച വിവാദം ഇപ്പോഴും തുടരുകയാണ്. ജില്ലാ കലക്ടറുടെ ചുമതലയിലാണ് പദ്ധതി ഇത്രത്തോളമെങ്കിലും എത്തിക്കാന്‍ സാധിച്ചത്.
ഇതിനിടെ തയ്യാറാക്കിയ കണ്‍സെപ്റ്റ് പ്ലാനില്‍ മാറ്റം വരുത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുകയാണിപ്പോള്‍. ഏതാണ്ട് ആറോളം ഡിവിഷനുകള്‍ മാത്രമാണ് ഇപ്പോള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി എന്തെന്നറിയില്ലെങ്കിലും ആദ്യം കേന്ദ്രത്തില്‍ നിന്നും പണം വരട്ടെ എന്നിട്ടാലോചിക്കാമെന്നാണ് കോര്‍പറേഷന്റെ നിലപാട്.

Latest