അമേരിക്കയില്‍ നിന്നുള്ള ഫാസിസ്റ്റ് ആക്രോശങ്ങള്‍

Posted on: December 14, 2015 5:21 am | Last updated: December 13, 2015 at 10:40 pm

അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് നടത്തിയ വംശീയ, മുസ്‌ലിം വിരുദ്ധ, ഫാസിസ്റ്റ് പ്രസ്താവന ആ രാജ്യത്തെ മാത്രമല്ല ലോകത്താകെയുള്ള മുസ്‌ലിംകളെ കടുത്ത അന്യവത്കരണത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ഒരു നിലക്കും ബന്ധമില്ലാത്ത പാപങ്ങളുടെ പേരില്‍ മുസ്‌ലിം സമൂഹത്തെ ഇങ്ങനെ കെട്ടിയിട്ട് തല്ലുന്നതിനെതിരെ ലോകത്തെ നേര്‍ബുദ്ധിയുള്ള മുഴുവന്‍ പേരും രംഗത്തു വന്നുവെന്നത് മാത്രമാണ് ആശ്വാസകരം. ട്രംപ് പറഞ്ഞതിതാണ്: ‘മുസ്‌ലിംകള്‍ അമേരിക്കന്‍ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. അവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദര്‍ശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകള്‍’. യോര്‍ക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം. കാലിഫോര്‍ണിയയില്‍ മുസ്‌ലിം ദമ്പതികള്‍ 14 പേരെ വെടിവെച്ചു കൊന്നതാണ് ഈ ‘നയപ്രഖ്യാപന’ത്തിന് ട്രംപ് അവസരമാക്കിയത്.
ട്രംപിനെ മതഭ്രാന്തനെന്നും ബുദ്ധിശൂന്യനെന്നും വിളിക്കുന്നതില്‍ പ്രസിഡന്റ് ബരാക് ഒബാമ മുതല്‍ റിപ്പബ്ലിക്കന്‍ നേതാവ് ജെബ് ബുഷ് വരെയുള്ളവരുണ്ട്. രാജ്യത്തെ വിഭജിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് വൈറ്റ്ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ഫേസ്ബുക്ക്, ഗൂഗിള്‍ അധികാരികള്‍ മുസ്‌ലിം സമൂഹത്തിന് പിന്തുണയുമായി രംഗത്ത് വന്നു. ട്രംപ് ലണ്ടനില്‍ വരുന്നത് തടയാന്‍ ബ്രിട്ടന്‍ തീരുമാനിച്ചിരിക്കുന്നു. സ്‌കോട്ടിഷ് യൂനിവേഴ്‌സിറ്റി അദ്ദേഹത്തിന് നല്‍കിയ ഓണററി ബിരുദം പിന്‍വലിച്ചു. യു എ ഇയിലെ പ്രമുഖ ചില്ലറ വില്‍പ്പന ശ്രംഖലയായ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ട്രംപിന്റെ കമ്പനി ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്ന ചില വസ്തുതകള്‍ ഉണ്ട്. ട്രംപിന്റെ പ്രസ്താവന ഒറ്റപ്പെട്ടതോ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടോ അല്ല. അമേരിക്കയിലും പാശ്ചാത്യനാടുകളിലാകെയും ആഞ്ഞടിക്കുന്ന വംശീയ വിവേചനത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും ഏറ്റവും നികൃഷ്ടമായ ആവിഷ്‌കാരമായിരുന്നു ട്രംപിന്റെ ആക്രോശം. വര്‍ണവെറിയുടെ ചരിത്രത്തെ പിന്നിലാക്കിയെന്ന് അവകാശപ്പെടുന്ന അമേരിക്കയില്‍ കഴിഞ്ഞ ഒരു ദശകമായി അത്യന്തം അപകടകരമായ നിലയില്‍ കറുത്ത വര്‍ഗക്കാര്‍ വേട്ടയാടപ്പെടുകയാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ ആരംഭിച്ച അന്യവത്കരണ പദ്ധതി അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഘട്ടമാണ് ഇത്. മുസ്‌ലിംകള്‍ നിരന്തരം പ്രത്യേക നിരീക്ഷണത്തിന് വിധേയമാകണമെന്ന ആവശ്യം യു എസില്‍ ശക്തമാണ്. മുസ്‌ലിംകളും അവരുടെ സ്ഥാപനങ്ങളും എപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഏത് നിമിഷവും അവര്‍ക്ക് മേല്‍ പോലീസ് ചാടിവീഴും. ഈ സ്ഥിതി വിശേഷത്തിന്റെ തുടര്‍ച്ചയാണ് ട്രംപിനെപ്പോലുള്ളവരുടെ വാക്കുകള്‍. അദ്ദേഹത്തെ തള്ളിപ്പറയുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ് അടുത്ത ശ്വാസത്തില്‍ അമേരിക്കയുടെ അരക്ഷിതാവസ്ഥയെക്കുറിച്ച് വാചാലയാകേണ്ടി വരുന്നു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന മറ്റൊരു നേതാവായ ബെന്‍ കഴ്‌സണ്‍ പറഞ്ഞത് ഒരു മുസ്‌ലിമിന് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യതയില്ലെന്നായിരുന്നു. മുസ്‌ലിം സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും അന്തരീക്ഷത്തില്‍ ഇല്ലാതിരിക്കെ കഴ്‌സണ്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്തിനാണ്? ട്രംപിന്റെ വാക്കുകളില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോള്‍ തന്നെയാണ് അമേരിക്കന്‍ സെനറ്റ് വിസാ വീവര്‍ പ്രോഗ്രാം ഇപ്രൂവ്‌മെന്റ് ആക്ട് 2015 എന്ന ബില്ല് പരിഗണനക്കെടുത്തത്. യു എസ് പൗരത്വത്തെ കൃത്യമായി വേലികെട്ടി രണ്ടായി തിരിക്കുന്നതാണ് ബില്ല്. ഈ നിയമത്തില്‍ പ്രസിഡന്റ് ഒപ്പു വെക്കുകയാണെങ്കില്‍ അറബ്, ഇറാനിയന്‍ (മുസ്‌ലിം) പാരമ്പര്യമുള്ളവര്‍ ഒരു വിഭാഗവും അല്ലാത്തവര്‍ മൊത്തം മറ്റൊരു വിഭാഗവുമായി മാറും. ഈ ബില്ലും ട്രംപ് പറഞ്ഞതിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.
ലോകത്താകെ വംശീയതയും ഫാസിസവും ജനാധിപത്യ പ്രക്രിയയില്‍ ആയുധമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് കടുത്ത അസഹിഷ്ണുതാ പ്ര്യാപനങ്ങള്‍ നടത്തുന്നതും മനുഷ്യരെ പാക്കിസ്ഥാനിലേക്ക് ആട്ടിപ്പായിക്കുന്നതും. ഫ്രാന്‍സില്‍ ലി പെന്നിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കള്‍ മുമ്പൊരിക്കലുമില്ലാത്ത വിധം മുസ്‌ലിംവിരുദ്ധത പരസ്യമായി പ്രഖ്യാപിക്കുകയാണ്. ഇസില്‍ ആക്രമണം മുന്‍നിര്‍ത്തി ബ്രിട്ടനിലും ജര്‍മനിയിലുമൊക്കെ ഇത് നടക്കുന്നു. ഇത്തരം വിഷപ്രയോഗങ്ങള്‍ക്ക് ജനതയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നു. അതുവഴി തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാനും സാധിക്കുന്നു. അപകടകരമായ പ്രവണതയാണ് ഇത്. മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പിന്നോട്ട് പോകുകയും ഫാസിസ്റ്റ് സമീപനങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ സ്ഥിതിവിശേഷം ഭീകരവാദികള്‍ക്ക് വളമാകുന്നു. അവരെ നേരിടാന്‍ ബോംബ് വര്‍ഷിക്കുന്ന സാമ്രാജ്യത്വത്തിന് ആയുധക്കച്ചവടത്തിനും പെട്രോ രാഷ്ട്രീയ ഇടപെടലിനും അവസരമൊരുങ്ങുന്നു.