യൂറോ കപ്പ്: ബെല്‍ജിയവും ഇറ്റലിയും മരണ ഗ്രൂപ്പില്‍

Posted on: December 13, 2015 11:27 pm | Last updated: December 13, 2015 at 11:27 pm

euro 2016പാരീസ്: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂറോ കപ്പ് ടീമുകളുടെ നറുക്കെടുപ്പ് പാരീസില്‍ നടന്നു. ആറ് ഗ്രൂപ്പുകളിലായി ആകെ 24 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ബെല്‍ജിയവും ഇറ്റലിയും സ്വീഡനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ യാണ് ടൂര്‍ണമെന്റിലെ കടുകട്ടി ഗ്രൂപ്പ്. ആതിഥേയരായ ഫ്രാന്‍സ്, റൊമാനിയ, അല്‍ബേനിയ, സിറ്റ്‌സ്വര്‍ലാന്‍ഡ് ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ടിനൊപ്പം റഷ്യ, വെയ്ല്‍സ്, സ്ലൊവാക്യ ടീമുകളാണുള്ളത്. 1958 ലോകകപ്പിന് യോഗ്യത നേടിയതിന് ശേഷം ഇതാദ്യമായാണ് വെയ്ല്‍സ് ഒരു പ്രധാന ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്.
ഗ്രൂപ്പ് സി യില്‍ ജര്‍മനി, ഉക്രൈന്‍, പോളണ്ട്, നോര്‍ത്ത് അയര്‍ലാന്‍ഡ് ടീമുകള്‍ ഏറ്റുമുട്ടും. ലോകകപ്പ് ജേതാക്കളായ ജര്‍മനിക്ക് കരുത്തരായ പോളണ്ടും ഉക്രൈനും കനത്ത വെല്ലുവിളിയാകും. വമ്പന്‍മാര്‍ അണിനിരക്കുന്ന ഗ്രൂപ്പ് ഡിയില്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, തുര്‍ക്കി ടീമുകളാണ് ഗ്രൂപ്പ് ഡിയില്‍ പരസ്പരം പോരടിക്കുക.
ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ലോക ഒന്നാം നമ്പര്‍ സ്ഥാനമലങ്കരിക്കുന്ന ബെല്‍ജിയത്തിന് പുറമെ നിലവിലെ റണ്ണേഴ്‌സപ്പായ ഇറ്റലി, ഗോളടിയന്ത്രം സ്ലാട്ടന്‍ ഇബ്രാഹിമോവിചിന്റെ സീഡന്‍, റിപ്പബ്ലിക്കന്‍ അയര്‍ലാന്‍ഡ് എന്നീ ടീമുകള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ബെല്‍ജിയവും ഇറ്റലിയും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എഫിലാണുള്ളത്. ആസ്ത്രിയ, ഹംഗറി ഐസ്‌ലാന്‍ഡ് എന്നിവയാണ് മറ്റ് അംഗങ്ങള്‍. ഗ്രൂപ്പില്‍ പോര്‍ച്ചുഗലിന് കാര്യമായ ചെറുത്ത്‌നില്‍പ്പ് ഉണ്ടാകാനിടയില്ല.
മൈതാനത്ത് ആവേശത്തിന്റെ അലതീര്‍ക്കുന്ന ഓറഞ്ചുപടയില്ലാതെയാണ് ഇത്തവണ യൂറോ കപ്പ് നടക്കുക. യോഗ്യതാ റൗണ്ടിലെ നിര്‍ണായക അവസാന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക് തോറ്റതോടെയാണ് നെതര്‍ലാന്‍ഡിന്റെ യൂറോകപ്പ് പ്രതീക്ഷകള്‍ അടഞ്ഞത്. 2016 ജൂണ്‍ പത്തിനാണ് ടൂര്‍ണമെന്റിന്റെ കിക്കോഫ്. ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലാണ് ആദ്യ മത്സരം.