ആഴ്‌സണലിന് ജയം; യുനൈറ്റഡിന് തോല്‍വി

Posted on: December 13, 2015 11:16 pm | Last updated: December 13, 2015 at 11:16 pm

1450019215239_lc_galleryImage_BIRMINGHAM_ENGLAND_DECEMB (2)ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് പീരങ്കിപ്പടയുടെ കുതിപ്പ്. ഒളിമ്പ്യാകോസിനെതിരെ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ ആഴ്‌സണല്‍ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. തൊട്ടുപിന്നാലെ പ്രീമിയല്‍ ലീഗില്‍ നേടിയ ജയം ആഴ്‌സണലിന് ഇരട്ടിമധുരമായി.
എട്ടാം മിനുട്ടില്‍ ഒളിവര്‍ ജിറൂദാണ് ആദ്യ ഗോള്‍ നേടിയത്. 38ാംമിനുട്ടില്‍ ആരോണ്‍ റാംസി രണ്ടാം ഗോളും സ്വന്തമാക്കി. ജിറൂദിന്റെ അന്‍പതാമത്തെ പ്രീമിയര്‍ ലീഗ് ഗോള്‍ കൂടിയായിരുന്നു ഇത്. മറ്റ് മത്സരങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി കഷ്ടിച്ച് ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി പിണഞ്ഞു.
ബോണ്‍മൗത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യുനൈറ്റഡിന്റെ തോല്‍വി. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായതിന് തൊട്ടുപിന്നാലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമേറ്റ തോല്‍വി യുനൈറ്റഡിന് കനത്ത ആഘാതമായി. കഴിഞ്ഞ മത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച ബോണ്‍മൗത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.
രണ്ടാം മിനുട്ടില്‍ ജൂനിയര്‍ സ്റ്റാനിസ്‌ലാസിലൂടെ ബോണ്‍മൗത്താണ് ആദ്യഗോളടിച്ചത്. 24ാം മിനുട്ടില്‍ ഫെല്ലയ്‌നി മത്സരം സമനിലയിലെത്തിച്ചു. എന്നാല്‍ 54ാം മിനുട്ടില്‍ മുന്‍ യുനൈറ്റഡ് താരം ജോഷ്വ കിംഗ് നേടിയ ഗോളിലൂടെ ബോണ്‍മൗത്ത് വിജയം പിടിച്ചെടുക്കുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ആറ് കളികളില്‍ യുനൈറ്റഡ് വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു.
ഒന്നിനെതിരെ രണ്ട് ഗോളിന് സ്വാന്‍സിയെയാണ് സിറ്റി തോല്‍പ്പിച്ചത്. ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് സിറ്റി സ്വാന്‍സിയെ പരാജയപ്പെടുത്തിയത്. 26ാം മിനുട്ടില്‍ ബോണിയിലൂടെ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. തൊണ്ണൂറാം മിനുട്ടില്‍ ഗോമിസ് നേടിയ ഗോളിലൂടെ സ്വാന്‍സി സമനില പിടിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ ഇഹെനാച്ചോ നേടിയ ഗോളില്‍ സിറ്റി രക്ഷപ്പെടുകയായിരുന്നു. പതിനാറാം സ്ഥാനത്തുള്ള സ്വാന്‍സിയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. പ്രീമിയര്‍ ലീഗിലെ മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് സൗത്താംപ്ടണെയും (1- 0) വാട്‌ഫോര്‍ഡ് സണ്ടര്‍ലാന്‍ഡിനെയും (1- 0) തോല്‍പ്പിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിന് 33 പോയിന്റാണുള്ളത്. 32 പോയിന്റുമായി സിറ്റിയാണ് രണ്ടാമത്.