Connect with us

International

ബുറുണ്ടിയില്‍ കലാപം രൂക്ഷം; 87 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ബുജുംബുര: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബുറുണ്ടിയില്‍ കലാപം പടര്‍ന്നുപിടിക്കുന്നു. പ്രസിഡന്റ് പിയറെ മൂന്നാം തവണയും പദവിയിലിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കലാപമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാനമായ ബുജുംബുരയില്‍ കഴിഞ്ഞ ദിവസം 87 പേരെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിന് തൊട്ടു മുമ്പ് രാജ്യത്തെ മൂന്ന് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അജ്ഞാതരായ സംഘം ആക്രമണം നടത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയും അതിന് ശേഷമുള്ള ദിവസങ്ങളിലും നടന്ന ആക്രമണ പരമ്പരകളില്‍ കൊല്ലപ്പെട്ടവരില്‍ എട്ട് പേര്‍ സുരക്ഷാ സൈനികരാണെന്ന് ബുറുണ്ടിയന്‍ സൈനിക വക്താവ് കേണല്‍ ഗാസ്പാര്‍ഡ് ബരാതുസ വെളിപ്പെടുത്തി. 45 ആക്രമികളെ പിടികൂടിയതായും ഇവരില്‍ നിന്ന് 97 ആയുധങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. 21 സുരക്ഷാ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ വെള്ളി മുതല്‍ തലസ്ഥാനഗരമായ ബുജുംബുരയില്‍ ഭീതികരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘട്ടനത്തിന്റെ ശബ്ദം അര്‍ധരാത്രിയും കേട്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നഗരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തുന്നുണ്ട്. രാജ്യത്ത് വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുമോയെന്ന് നിരീക്ഷകര്‍ ആശങ്കപ്പെടുന്നു. തലസ്ഥാനത്തിന്റെ നഗര ചേരികളില്‍ ആക്രമികള്‍ക്ക് വേണ്ടി പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.
ശനിയാഴ്ച പകല്‍ മാത്രം തലക്ക് വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍ 21 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലരുടെ കൈകള്‍ പുറകില്‍ നിന്ന് കൂട്ടിക്കെട്ടിയ നിലയിലാണ്. സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ 12 ആക്രമികളെ വധിച്ചിട്ടുണ്ട്. 20ലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രസിഡന്റ് പിയറെ മൂന്നാം തവണയും പ്രസിഡന്റ്പദത്തിലിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് നിരവധി ബുറുണ്ടിയക്കാര്‍ വിശ്വസിക്കുന്നു. ഇതിനെ ഭരണഘടനാ വിരുദ്ധമെന്ന് വിദേശ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. 1993നും 2006നും ഇടയില്‍ ബുറുണ്ടിയില്‍ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ മൂന്ന് ലക്ഷം പേരാണ് കൊല്ലപ്പെട്ടിരുന്നത്.

---- facebook comment plugin here -----

Latest