ഇന്ത്യയും പാക്കിസ്ഥാനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായി ഒരുമിക്കണം ഇമ്രാന്‍

Posted on: December 13, 2015 10:14 pm | Last updated: December 13, 2015 at 10:14 pm

imranഇസ്‌ലാമാബാദ്: ദീര്‍ഘകാലമായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ട് രാജ്യങ്ങളും മുന്നോട്ടുപോകണമെന്ന് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കകുയായിരുന്നു അദ്ദേഹം. കാശ്മീര്‍ പോലുളള പ്രധാന വിഷയങ്ങളില്‍ ചര്‍ച്ചനടത്തി പരിഹാരം കാണണമെന്നും രണ്ട് രാജ്യങ്ങളും വ്യാപാരം ഉള്‍പ്പെടെയുള്ളവയില്‍ ബന്ധം ശക്തിപ്പെടുത്തി ദാരിദ്ര്യം നിര്‍മാര്‍ജനത്തിന് മുന്നോട്ടുവരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ലാതെ രണ്ട് വിഭാഗങ്ങള്‍ക്കുമിടയില്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. സമാധാന ചര്‍ച്ചകളെ തുരങ്കം വെക്കുന്ന ഒരു നിലപാടിനും ഇരു രാജ്യങ്ങളിലെയും നേതാക്കന്‍മാര്‍ കീഴ്‌പ്പെടരുത്. കാലങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും ആരംഭിക്കണം. കാരണം ഇതു രണ്ട് രാജ്യങ്ങളിലെയും ജനങ്ങളെ ഒരുമിപ്പിക്കും. അതുപോലെ രണ്ട് രാജ്യങ്ങള്‍ക്കും ഇടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാനും സഹായകരമാകും. രണ്ട് രാജ്യങ്ങളും ഭീകരവാദത്തിന്റെ പേരില്‍ പരസ്പരം പോരടിക്കുകയാണ്. ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.