ദേശീയ ദിന പരേഡിന് കോര്‍ണിഷ് റോഡ് സജ്ജമായി

Posted on: December 13, 2015 6:38 pm | Last updated: December 13, 2015 at 6:38 pm
SHARE

army paredeദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 18ന് കോര്‍ണിഷ് റോഡില്‍ രാവിലെ നടക്കുന്ന ദേശീയദിന പരേഡിന് തയാറെടുപ്പുകള്‍ പൂര്‍ത്തിയാകുന്നു. വി ഐ പികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള ഗ്യാലറികളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. റോഡില്‍ പതാകകളും അലങ്കാരദീപങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
കോര്‍ണിഷിലെ പരേഡ് കാണാന്‍ കുടുംബങ്ങള്‍ക്കു മാത്രമായിരിക്കും പ്രവേശനം. ബാച്ചിലേഴ്‌സിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ ഈ വര്‍ഷവും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തും. ശൈഖുമാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളുമുള്‍പ്പെടെ ആയിരങ്ങള്‍ പരേഡിനു സാക്ഷ്യം വഹിക്കാനെത്തും. പരേഡിന്റെ റിഹേഴ്‌സല്‍ കഴിഞ്ഞ ദിവസം നടന്നു. സൈനിക പരേഡും ഖത്വറിന്റെ ആധുനിക സൈനിക സംവിധാനങ്ങളുടെ പ്രദര്‍ശനവും നടക്കും. ദേശീയ ദിനത്തില്‍ മാത്രമാണ് ഖത്വറില്‍ സമ്പൂര്‍ണ പരേഡ് നടക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന അല്‍ റുമൈല, അല്‍ ബിദ്ദ പാര്‍ക്കുകളില്‍ രാവിലെ എട്ടു മുതല്‍ 8.40 വരെ പരേഡ് നടക്കും. പ്രാഥമിക പ്രദര്‍ശനം രാവിലെ ഏഴു മുതല്‍ 7.40 വരെയും നടക്കും. രാവിലെ ഏഴിനു മുമ്പു തന്നെ സന്ദര്‍ശകര്‍ എത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ദേശീയ ദിന പരേഡും മറ്റു പരിപാടികളും നേരിട്ടു കാണാന്‍ കഴിയാത്തവര്‍ക്ക് ഖത്വര്‍ ടി വിയിലും അല്‍ റയ്യാന്‍ ടെലിവിഷനിലും തത്സമയം പരേഡ് കാണാന്‍ കഴിയും. ദേശീയദിന പരിപാടികളുടെ വിവരങ്ങള്‍ ഖത്വര്‍ നാഷനല്‍ ഡേ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആംഡ് ഫോഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ലഖ്‌വിയ, സിവില്‍ ഡിഫന്‍സ്, ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയാണ് പരേഡില്‍ പങ്കെടുക്കുക. നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും പ്രദര്‍ശന പ്രകടനങ്ങളുമുണ്ടാകും. ദേശീയദിനത്തില്‍ രാത്രി 8.10ന് കോര്‍ണിഷില്‍ വര്‍ണാഭമായ വെടിക്കെട്ട് പ്രദര്‍ശനവും നടക്കും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ മഖ്തറില്‍ പരമ്പരാഗത ഖത്വരി ജീവിത്തതത്തെ പകര്‍ത്തുന്ന പ്രദര്‍ശനത്തിനു തുടക്കമായി. ഖത്വരി ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളും ഇവിടെ ലഭ്യമാകും. സന്ദര്‍ശകര്‍ക്ക് ഫാല്‍ക്കണുകള്‍ക്കൊപ്പം ചിത്രമെടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. അല്‍ ബിദയില്‍ രാജ്യത്തിന്റെ സമുദ്രയാന പൈതൃകക്കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. മത്സ്യബന്ധനം, മുത്തുവാരല്‍ തുടങ്ങിയ ആദ്യകാലത്തെ രീതികളും വ്യവഹാരങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കും. പഴയ പായ്ക്കപ്പലുകളും മത്സ്യബന്ധന ഉപകരണങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകം പകരും.
കുട്ടികള്‍ക്കായി ഒരുക്കിയ മിനി ദോഹ മെട്രോ കൂടുതല്‍ കുടുംബങ്ങളെ ആകര്‍ഷിക്കുന്നു. പെഡല്‍ കാറുകള്‍, സൈക്കിളുകള്‍, ട്രാഫിക് ലൈറ്റുകള്‍, പോലീസ് നിയന്ത്രണം തുടങ്ങി കുട്ടികളില്‍ അവബോധമുണ്ടാക്കുക കൂടി ലക്ഷ്യംവെച്ചുള്ള വില്ലേജാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്. ഖത്വറില്‍ ഭാവിയില്‍ വരാനിരിക്കുന്ന മെട്രോ ട്രെയിന്‍ യാത്രാനുഭവം കുട്ടികള്‍ക്കു നല്‍കുന്നതിനായി മിനി മട്രോ ട്രെയിന്‍ സര്‍വീസും ഇവിടെ ഒരുക്കിയിരിക്കുന്നു.
നഗരസഭാ മന്ത്രാലയം, കഹ്‌റമ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഖത്വര്‍ ഫൗണ്ടേഷന്‍, കതാറ, ഷോപിംഗ് മാളുകള്‍ എന്നിവിടങ്ങളിലും വിവിധ പരിപാടികളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here