Connect with us

Organisation

പ്രവാചകന്‍ സര്‍വകാലത്തിനും വെളിച്ചം: പൊന്മള

Published

|

Last Updated

പട്ടാമ്പി: അസഹിഷ്ണുതയും കാപട്യവും നിറഞ്ഞ വര്‍ത്തമാന കാലത്തിന് മാതൃകയാണ് സര്‍വകാലത്തിനും വെളിച്ചമായ മുഹമ്മദ് നബി (സ)യെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍. സ്‌നേഹ റസൂല്‍ (സ) കാലത്തിന്റെ വെളിച്ചം എന്ന മുദ്രവാക്യവുമായി എസ് വൈ എസ് മീലാദ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടാമ്പിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ മുഴുവന്‍ സമസ്യകള്‍ക്കും പ്രായോഗിക മാര്‍ഗങ്ങള്‍ പ്രവാചക ദര്‍ശനങ്ങളിലുണ്ട്. മൂല്യവത്തായ ജീവിതവും സംസ്‌കാരവുമാണ് പ്രവാചകന്‍ പകര്‍ന്നു നല്‍കിയത്. ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമില്ലാതെ മുഴുവന്‍ മനുഷ്യരെയും ഒന്നായി കാണാനാണ് പ്രവാചകര്‍ പഠിപ്പിച്ചത്. വിശിഷ്യ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പ്രവാചകര്‍ പഠിപ്പിച്ചു. മനുഷ്യര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാതരം മതില്‍കെട്ടുകളെയും തകര്‍ത്തെറിയാനും സ്‌നേഹവും സൗഹാര്‍ദ്ദവും പ്രബോധനം ചെയ്യാനും പ്രവാചകാധ്യാപനങ്ങള്‍ നമുക്ക് പ്രചോദനമാകണം. വിശ്വാസം പൂര്‍ണമാകാന്‍ പ്രവാചക സ്‌നേഹം കൂടിയേ തീരൂ. അപൂര്‍ണനായ ഒരാളെ സ്‌നേഹിക്കാന്‍ കഴിയില്ല. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ സമ്പൂര്‍ണ വ്യക്തിത്വമാണ് മുഹമ്മദ് നബി (സ). വിശുദ്ധ ഇസ്‌ലാമിനെ മനസ്സിലാക്കാനും പൊതുസമൂഹത്തിന് പകര്‍ന്ന് നല്‍കാനുമുള്ള പ്രബോധന മാര്‍ഗങ്ങളാണ് പ്രവാചക സ്‌നേഹവും ആഘോഷങ്ങളുമെല്ലാം. മുന്‍കാലത്തുള്ള പുത്തനാശയക്കാരെല്ലാം മീലാദ് ആഘോഷിച്ചിരുന്നുവെന്ന് കാണാം. അടുത്ത കാലത്ത് രംഗത്ത് വന്ന ഉത്പതിഷ്ണുക്കളാണ് നബിദിനാഘോഷത്തെ എതിര്‍ക്കുന്നതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്നും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മേലെ പട്ടാമ്പി ചെര്‍പ്പുളശ്ശേരി റോഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മീലാദ് സന്ദേശറാലി പട്ടാമ്പി പോലീസ് സ്‌റ്റേഷന് മുന്നിലെ മൈതാനിയില്‍ സമാപിച്ചു.
തൃത്താല, കൊപ്പം, പട്ടാമ്പി, ഒറ്റപ്പാലം സോണുകളിലെ നേതാക്കളും പ്രവര്‍ത്തകരും സ്വഫ്‌വ അംഗങ്ങളും റാലിയില്‍ അണിനിരന്നു. ജില്ലാ സംയുക്ത ഖാസി എന്‍ അലി മുസ്‌ലിയാര്‍ കുമരംമപുത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, കെ വി മുഹമ്മദ് മുസ്‌ലിയാര്‍ ചെരിപ്പൂര്‍, മാരായമംഗലം അബ്ദുര്‍ റഹ്മാന്‍ ഫൈസി, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, എന്‍ അലി അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ സ്വാഗതവും എസ് വൈ എസ് പാലക്കാട് ജില്ലാ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.