Connect with us

Kerala

മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടം; പോലീസ് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം

ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല.

Published

|

Last Updated

തിരുവനന്തപുരം|നടന്‍ മണിയന്‍ പിള്ള രാജു പ്രതിയായ വാഹനാപകട കേസില്‍ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതില്‍ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടമുണ്ടായ വിവരം ലഭിച്ചതുമുതല്‍ പോലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തും. മണിയന്‍പിള്ള രാജുവിന്റെ രക്തപരിശോധന ഫലം വരാന്‍ രണ്ട് ദിവസം കൂടി എടുക്കും. രാജു മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ വൈദ്യ പരിശോധനഫലം ലഭിക്കണം.

അപകടത്തില്‍ ഗുരുതരവീഴ്ചയാണ് മണിയന്‍പിള്ള രാജുവിനും പോലീസിനുമുണ്ടായത്. നഗരത്തിലെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍വെച്ച് രാജുവിന്റെ കാറിടിച്ച് ബൈക്കിലെ യുവാക്കള്‍ തെറിച്ചുവീണത് അറിഞ്ഞിട്ടും രാജു മുന്നോട്ട് വാഹനമെടുത്ത് പോയതാണ് ആദ്യ ഗുരുതരവീഴ്ച. സമീപത്ത് നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും പരുക്കേറ്റവരെ അവിടേക്ക് കൊണ്ടുപോകാന്‍ രാജു ശ്രമിച്ചില്ല. അപകടമുണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങള്‍ അറിയാവുന്ന കലാകാരനായിട്ടും രാജു കടന്നുകളയുകയായിരുന്നു.

കാറോടിച്ചത് മണിയന്‍പിള്ള രാജുവാണെന്നത് തുടക്കത്തിലെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങളുള്ള വെള്ളയമ്പലം കവടിയാര്‍ മേഖലയിലൂടെ കാര്‍ എങ്ങോട്ട് പോയെന്ന് കണ്ടെത്തിയില്ല. രാജുവിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫാണന്ന കാരണം പറഞ്ഞ് രാജുവിനെയും പോലീസ് കണ്ടെത്താന്‍ ശ്രമിച്ചില്ല. വീട്ടില്‍ പോയെന്നും ആരെയും കണ്ടെത്താനിയില്ലെന്നുമാണ് പോലീസ് വാദം. രാവിലെ ആറുമണിക്ക് രാജുവിന്റെ ഫോണ്‍ ഓണായെന്ന വിവരം സൈബര്‍ സെല്ലില്‍ നിന്ന് അറിയിച്ചപ്പോഴാണ് മ്യൂസിയം പോലീസ് വിളിക്കുന്നത്. കീഴടങ്ങാമെന്ന് രാജു അറിയിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറില്ലാതെയാണ് ഇന്നലെ രാവിലെ ഒന്‍പതരയോടെ രാജു മ്യൂസിയം സ്റ്റേഷനിലെത്തുന്നത്. പിന്നെ അരമണിക്കൂര്‍ കഴിഞ്ഞാണ് വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. അപകടമുണ്ടായി 12 മണിക്കൂര്‍ പിന്നിട്ടശേഷമാണ് വൈദ്യ പരിശോധന നടത്തിയത്.

രാജുവിന് സ്റ്റേഷന്‍ ജാമ്യം ലഭിച്ച ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. ടെന്നീസ് ക്ലബിന് സമീപം മകന്റെ വീടിന്റെ സമീപത്തായിരുന്നു കാര്‍. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. അലക്ഷ്യമായും അപകടമുണ്ടാക്കുന്നതുമായ വിധം വാഹനം ഓടിച്ചതിനും പരുക്കേറ്റവരെ ഉപേക്ഷിച്ച് പോയതിനുമുള്ള കുറ്റങ്ങളാണ് രാജുവിനെതിര ചുമത്തിയത്.

 

 

Latest