Connect with us

Editorial

ശിക്ഷാ സമ്പ്രദായങ്ങളില്‍ പുനര്‍വിചിന്തനം

Published

|

Last Updated

പരിഷ്‌കൃത സമൂഹത്തിന് അപമാനമെന്ന പേരില്‍ വധശിക്ഷ വേണ്ടെന്നു വെക്കണമെന്ന വാദഗതി ഇന്ത്യയിലും ശക്തിയാര്‍ജിക്കുന്ന കാലമാണിത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമാണ് രാജ്യത്ത് വധശിക്ഷ വിധിക്കുന്നത്. തൂക്കുകയര്‍ മുറുക്കുന്നതിന് മുമ്പേ ശിക്ഷയില്‍ ഇളവ് നേടിയെടുക്കാന്‍ കുറ്റവാളികള്‍ക്ക് നിയമാനുസൃതമായിതന്നെ ഒട്ടേറെ അവസരങ്ങള്‍ ഉണ്ട്. വധശിക്ഷക്കെതിരായ അപ്പീലുകളില്‍ നീതിപീഠമായാലും കേന്ദ്ര സര്‍ക്കാറാണെങ്കിലും രാഷ്ട്രപതിയാണെങ്കിലും തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യത്തിലേറെ സമയമെടുക്കുന്നു എന്ന പരാതിക്ക് ഏറെ കാലപ്പഴക്കമുണ്ട്. ശിക്ഷക്കെതിരായ അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതിലെ അനാവശ്യ കാലതാമസം പലപ്പോഴും കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്. പരമാവധി കൂടിയ ശിക്ഷയായ വധശിക്ഷ, അപ്പീലുകളുടെ ബലത്തില്‍ പോലും ഇളവ് ചെയ്ത അനുഭവം നമുക്ക് മുന്നിലുണ്ട്. അതിനിടയിലാണ് അപരിഷ്‌കൃതമെന്ന നിലയില്‍ വധശിക്ഷ തന്നെ നിര്‍ത്തലാക്കണമെന്ന സംവാദം ശക്തിയാര്‍ജിക്കുന്നത്.
പക്ഷേ, അതിനിടയില്‍ ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച് പരമാവധി ശിക്ഷ ലഭിക്കാതെ പോകുന്ന “ബോണ്‍ ക്രിമിനലുകള്‍”ക്ക് പൈശാചിക കൃത്യങ്ങള്‍ തുടരാന്‍ പ്രേരണയാകുന്നില്ലേഎന്ന ആശങ്കയും സജീവമായുണ്ട്. പ്രമാദമായ കേസുകളില്‍ വിധി പറഞ്ഞപ്പോള്‍ സുപ്രീംകോടതി തന്നെ ഈ ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസിലിട്ട്, ഫിസിയോ തെറാപ്പിക്ക് പഠിക്കുന്ന”നിര്‍ഭയ”യെന്ന യുവതിയെ അതിക്രൂരമാം വിധം കൂട്ടബലാത്സംഗം ചെയ്യുകയും, തുടര്‍ന്ന് യുവതി സിംഗപ്പൂരില്‍ വിദഗ്ധ ചികിത്സക്കിടയില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ കോടതി നീതി പുലര്‍ത്തിയത് കുറ്റവാളികളോടാണെന്ന പൊതുജനാഭിപ്രായം ശക്തമായുണ്ട്. പ്രതികളില്‍ ഒരാളായ കൗമാരക്കാരനോട് ശിക്ഷയുടെ കാര്യത്തില്‍ കാണിച്ച കനിവ് നിയമാനുസൃതമാണെങ്കിലും പീഡനത്തിനിരയായ യുവതി അനുഭവിച്ചത് അവഗണനയാണെന്ന് പറയാതെ വയ്യ. നിര്‍ഭയയുടെ മാതാവിന്റെ പ്രതികരണം അതിന് തെളിവാണ്.
ഇക്കഴിഞ്ഞ ദിവസം ബീഹാറിലെ ഒരു പീഡന കേസില്‍ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നടത്തിയ വിധി പ്രഖ്യാപനവും നിരീക്ഷണങ്ങളും മനസാക്ഷിയുള്ളവരെയെല്ലാം നൊമ്പരപ്പെടുത്തുന്നതാണ്. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗിന് പഠിക്കുന്ന ചഞ്ചല്‍ കുമാരി എന്ന ഒരു ദളിത് യുവതിക്കു നേരെ നാല് യുവാക്കള്‍ നടത്തിയ ആസിഡ് ആക്രമണ കേസിലായിരുന്നു ജസ്റ്റിസുമാരായ എം വൈ ഇഖ്ബാല്‍, സി നാഗപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധിയും നിരീക്ഷണങ്ങളും. 2012 ഒക്‌ടോബറിലായിരുന്നു സംഭവം. യുവതിയെ നിത്യേന ശല്യം ചെയ്തിരുന്ന നാല് പൂവാലന്മാര്‍ക്ക് അവള്‍ കീഴടങ്ങാത്തതില്‍ കടുത്ത അമര്‍ഷമായി. ഒടുവില്‍ അവള്‍ സഹോദരിക്കൊപ്പം അന്തിയുറങ്ങിയിരുന്ന വീട്ടിന്റെ ടെറസില്‍ “നാല്‍വര്‍ സംഘം” വലിഞ്ഞുകയറി. നേരത്തെതന്നെ കൈവശംവെച്ചിരുന്ന ആസിഡ് ചഞ്ചലിനെ ലക്ഷ്യമാക്കി ഒഴിച്ചു. സഹോദരി സോനാ കുമാരിയുടെ ദേഹത്തും ആസിഡ് ചെന്ന് പതിച്ചു. ആസിഡില്‍ ശരീരം വെന്ത് യുവതികള്‍ പരിഭ്രാന്തിയില്‍ പിടയുന്നത് ആസ്വദിക്കുകയായിരുന്നു അക്രമികള്‍. സഹോദരിമാര്‍ കണ്ടാല്‍ തിരിച്ചറിയാത്ത വിധം വിരൂപികളായി. ഒരു നോക്ക് കണ്ടവര്‍ക്ക് പിന്നീടൊരു കാഴ്ച അസഹനീയമായിരുന്നു. ജസ്റ്റിസ് ഇഖ്ബാല്‍ തന്റെ വിധിന്യായത്തില്‍ പറയുന്നു. ചഞ്ചലിന് മുഖത്തടക്കം ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രജകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാര്‍ ഇവരുടെ ചികിത്സക്കായി അനുവദിച്ചത് 2.42 ലക്ഷം രൂപ. ഇതുവരെ ഇവരുടെ ചികിത്സക്കായി കുടുംബത്തിന് ചെലവായത് അഞ്ച് ലക്ഷത്തിലേറെ രൂപ. സംസ്ഥാന സര്‍ക്കാറിന് പോലും സംഭവത്തിന്റെ ഗൗരവമനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനായില്ല. ഒടുവില്‍ കോടതി ഡിവിഷന്‍ ബഞ്ച് രണ്ടുപേരുടെ ചികിത്സക്ക് 13 ലക്ഷം രൂപ അനുവദിക്കാന്‍ ബീഹാര്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കി. ആസിഡ് വീണ് തലമുതല്‍ അരവരെ മാംസം ഉരുകിയൊലിച്ച നിലയിലാണ് ചഞ്ചല്‍ റാണി. ആസിഡ് ആക്രമണത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയില്‍ സഹോദരിമാരെ ഉള്‍പ്പെടുത്താന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. നഷ്ടപരിഹാരം സത്വരം ലഭ്യമാക്കാനും കോടതി ഉത്തരവിട്ടു. അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മിക്ക രാജ്യങ്ങളും വധശിക്ഷ നടപ്പാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കവെ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം ഇന്ത്യയിലും ആവാമെന്നാണ് പൊതുവികാരം. ഇതിന്റെ ചുവടൊപ്പിച്ച് ഭരണകൂടങ്ങള്‍ ഈ വഴിക്ക് ചിന്തിക്കുമ്പോള്‍ പ്രായോഗികതക്കാണ് മുന്‍തൂക്കം നല്‍കേണ്ടത്. വധശിക്ഷ ജീവപര്യന്തമാക്കുകയും ശിക്ഷയുടെ കാലാവധി ആയുഷ്‌കാലമായി ദീര്‍ഘിപ്പിക്കുകയും ചെയ്താല്‍ കുറ്റവാളിയെ സംബന്ധിച്ചിടത്തോളം ശിക്ഷ കഠിനമായിരിക്കും.

Latest