ടൂറിസം അവാര്‍ഡ് ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്‌

Posted on: December 12, 2015 2:15 pm | Last updated: December 12, 2015 at 2:15 pm

കല്‍പ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള കേരള സര്‍ക്കാര്‍ ടൂറിസം അവാര്‍ഡ് ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിന്. ഏഴാം തവണയാണ് ഓറിയന്റല്‍ ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഓറിയന്റല്‍ കോളജ് ചെയര്‍മാന്‍ എന്‍ കെ മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങി. ടൂറിസം മന്ത്രി അനില്‍കുമാര്‍, ആരോഗ്യ മന്ത്രി ശിവകുമാര്‍, ടൂറിസം സെക്രട്ടറി കമല വര്‍ധന റാവു, ടൂറിസം ഡയറക്ടര്‍ ഷെയ്ഖ് പരീത് എന്നിവര്‍ സന്നിഹിതരായിരുന്നു.
2005 മുതല്‍ 2009 വരെ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം സര്‍ക്കാര്‍ ടൂറിസം അവാര്‍ഡ് നേടിയ ഓറിയന്റല്‍ 2012-13ലും ഈ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റ് ടൂറിസം വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലകളിലും സ്ഥാപനം കാഴ്ചവെച്ച മികവ് പരിഗണിച്ചാണ് ഇക്കുറി അവാര്‍ഡിന് തിരഞ്ഞെടുത്തത്. 2005ല്‍ കോളജില്‍ ആരംഭിച്ച ടൂറിസം ക്ലബ് വയനാട്ടിലും കേരളത്തില്‍ പൊതുവായും സുസ്ഥിര വിനോദ സഞ്ചാര വികസനത്തിനായി ജില്ലാ പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് വിവിധ പരിപാടികള്‍ കോളജില്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍, പാരിസ്ഥിതിക കാലാവസ്ഥ വ്യതിയാനം ഡയറക്ടറേറ്റിന്റെ സംരംഭമായ ഭൂമിത്രസേന, ബി.പി.സി.എല്‍ കൊച്ചിയുടെയും കേരള ടൂറിസം മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമായ എന്‍കോണ്‍ ക്ലബ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സംസ്ഥാനത്തുട നീളമുള്ള ടുറിസം ക്ലബ് അംഗങ്ങളെ ഒരുമിച്ചുചേര്‍ത്ത് ഹരിതസേന എല്ലാ വര്‍ഷവും ജൂണില്‍ നേച്വേര്‍സ് ഡേ കൊണ്ടാടുന്നത് ഓറിയന്റല്‍ കോളജിലാണ്. വിവിധ സെമിനാറുകളിലൂടെ പരിസ്ഥിതി ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ ആരായുകയും അവ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു.
ലോകത്തെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്നുള്ള കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി നൂറുശതമാനം കാമ്പസ് പ്ലെയിസ്‌മെന്റ് കൈവരിക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് ഓറിയന്റല്‍ കോളജ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കു പുറമെ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരമുള്ള ബാച്ചിലര്‍ ഓഫ് വിഷ്വല്‍ കമ്യൂണിക്കേഷന്‍, പി.എസ്.സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്, ബി.എസ്സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബി.സി.എ, ബി.ബി.എ, ബികോം തുടങ്ങിയ കോഴ്‌സുകളും ഇവിടെയുണ്ട്്. വിവരങ്ങള്‍ക്ക് 9349446688, 9388403777, 04936 255355.
ഇതുസബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഓറിയന്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ. മുഹമ്മദ്, പ്രിന്‍സിപ്പല്‍ റോബിന്‍സ്, അസി. പ്രഫ. രഞ്ജിത്ത് ബെല്‍റാം, ജനറല്‍ മാനേജര്‍ ഫാറൂഖ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.