ഓപറേഷന്‍ അനന്ത:പുരോഗതി പരിശോധിക്കാന്‍ സബ് കലക്ടര്‍ എത്തി

Posted on: December 12, 2015 12:21 pm | Last updated: December 12, 2015 at 12:21 pm

മണ്ണാര്‍ക്കാട്: ഓപറേഷന്‍ അനന്ത നടപടികള്‍ അവസാന ഘട്ടത്തിലേക്ക്. അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ബാവ ഇന്നലെ വൈകുന്നേരം മണ്ണാര്‍ക്കാടെത്തി.
കുന്തിപ്പുഴ പാലം മുതല്‍ കോടതിപ്പടി വരെയുളള വിവിധ ഭാഗങ്ങളില്‍ കയ്യേറ്റം ഒഴിപ്പിക്കാനുളള പ്രദേശങ്ങള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു. റീസര്‍വ്വെ നടപടികള്‍ തുടരുകയാണ്. വരുന്ന ചൊവ്വാഴ്ചയോടുകൂടി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പരാതികള്‍ പരിഹരിച്ച് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ആരംഭിക്കാനാണ് നീക്കം. മൂന്ന് മാസം മുമ്പ് ആരംഭിച്ച ഓപറേഷന്‍ അനന്ത അനിശ്ചിതമായി നീണ്ടതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയരുകയും, വിവിധ രാഷ്ട്രീയ കക്ഷികള്‍ ഐക്യകണ്‌ഠ്യേന ഓപ്പറേഷന്‍ അനന്ത പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വരുകയും ചെയ്തിരുന്നു. ഡിസംബര്‍ അവസാനത്തോടുകൂടി ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തത്വത്തിലുളള തീരുമാനം.