ലോറി റോഡില്‍ നിര്‍ത്തി വൈക്കോല്‍ കയറ്റുന്നത് തൊഴിലാളികള്‍ക്ക് അപകട ഭീഷണിയാകുന്നു

Posted on: December 12, 2015 12:19 pm | Last updated: December 12, 2015 at 12:19 pm

ചിറ്റൂര്‍: ലോറി റോഡില്‍ നിര്‍ത്തി വൈക്കോല്‍ കയറ്റുന്നത് തൊഴിലാളികള്‍ക്ക് അപകട‘ഭീഷണിയാകുന്നതിന് പുറമെ ഗതാഗതതടസ്സത്തിനും ഇടയാക്കുന്നു.
വണ്ടിത്താവളം പള്ളിമൊക്ക് ലോറിയില്‍ വൈക്കോല്‍നിറച്ചു കയറുകൊണ്ട് കെട്ടുന്നതിനിടെ ഇരുചക്രവാഹനമിടിച്ച് തൊഴിലാളി മരണപ്പെട്ട സംഭവവും നടന്നിരുന്നു.
വൈദ്യുതി ലൈനുകള്‍ക്ക് താഴെയാണ് ലോറികള്‍ നിര്‍ത്തിയിടുന്നതും. ലോഡിനു മുകളില്‍ കയറിനിന്ന് വയ്‌ക്കോല്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ സംഭവവും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. പാട്ടികുളം വേമ്പ്ര റോഡില്‍ വൈക്കോല്‍ കയറ്റുന്നതിനിടെ തീപിടിച്ച സംഭവവുമുണ്ടായി. ഇതിനെ തുടര്‍ന്ന് ലോറിയും വയ്‌ക്കോലും പൂര്‍ണമായും എരിഞ്ഞമര്‍ന്നിരുന്നു.
ഡ്രൈവര്‍ സമയോചിതമായി വീടുകള്‍ക്കു സമീപത്തുനിന്നും ലോറി വിജനമായ സ്ഥലത്തെത്തിച്ചതിനാല്‍ മറ്റു അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. ഏന്തല്‍പ്പാലം, അയ്യന്‍വീട്ടുചള്ളയിലും സമാനമായി വയ്‌ക്കോല്‍ ലോറിയ്ക്കു തീപ്പിടിച്ചിരുന്നു. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ എത്തി തീയണച്ചതിനാല്‍ ലോറി നിസാര തകരാറുകളോടെ സംരക്ഷിക്കാന്‍ കഴിഞ്ഞു. വീടുകള്‍ക്കു സമീപത്തും റോഡിലും വാഹനങ്ങളില്‍ വയ്‌ക്കോല്‍ നിറയ്ക്കുന്നത് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തടയണമെന്നാണ് പൊതുജന ആവശ്യം.