Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭക്ക് 2.07 കോടി അനുവദിച്ചു

Published

|

Last Updated

പെരിന്തല്‍മണ്ണ: നഗരസഭകള്‍ക്കുള്ള നഗര തൊഴിലുറപ്പ് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭാ സമര്‍പ്പിച്ച രണ്ടാം ഘട്ട ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. 2.07 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ആദ്യ ഘട്ടത്തില്‍ നഗരസഭക്ക് ലഭിച്ച 55 ലക്ഷം രൂപ പദ്ധതി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ നഗരസഭ എന്ന നിലക്കാണ് നഗരസഭാ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ മുഴുവന്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം തിരുവനന്തപുരം നഗരകാര്യ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ച് ഉത്തരവായത്.
ജല സംരക്ഷണം- മഴവെള്ളക്കൊയ്ത്ത് പ്രവര്‍ത്തിക്ക് 51 ലക്ഷം, വരള്‍ച്ച തടയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 65.40 ലക്ഷം, ഭൂ വികസനത്തിന് 48.50 ലക്ഷം, വെള്ളക്കെട്ട് നിയന്ത്രണം, അഴുക്കുചാല്‍ എന്നിവക്ക് 25.48 ലക്ഷം, കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 17 ലക്ഷം എന്നീ മേഖലകള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. പെരിന്തല്‍മണ്ണ നഗരസഭയില്‍ 980 പേരാണ് തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പുതിയ പദ്ധതിയോടെ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കാനാവും.

Latest