Connect with us

Kerala

നാട്ടാന പരിപാലന ചട്ടം: സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം- സുപ്രീം കോടതി

Published

|

Last Updated

പത്തനംതിട്ട: ഉല്‍സവ കാലങ്ങളില്‍ ക്ഷേത്രങ്ങള്‍ ദേവസ്വങ്ങളും ആനകളോടുള്ള ക്രൂരത തടയാന്‍ നിയോഗിക്കപ്പെട്ടുള്ള സമിതികളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ നാട്ടാനപരിപാല ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് അധിക സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കി . ഒരു മാസമാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ആണ് ജസ്റ്റിസ് ദീപക് മിശ്ര, പ്രഭുല്ല ചന്ദ്ര പാന്ത് എന്നിവരുടെ ഉത്തരവ്. ഇതിന് പുറമെ രജിസ്റ്റര്‍ ചെയ്യാത്ത നാട്ടാനകളെ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നാലാഴ്ചക്കകം മറുപടി നല്‍കണം. 298 ആനകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ വിവിധ ഉടമകളുടെ കൈവശമുള്ളത്. സംസ്ഥാനത്ത് എല്ലാ നാട്ടാനകളെയും മൈക്രോ ചിപ്പ് ധരിപ്പിക്കണമെന്നും ആനകളെ രജിസ്റ്റര്‍ ചെയ്യാത്ത ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വീഴച പറ്റിയിട്ടുണ്ടെന്നും പരിപാല ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും കാട്ടിയാണ് മൃഗക്ഷേമ ബോര്‍ഡ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്സവങ്ങളില്‍ നാട്ടാനയെ പങ്കെടുപ്പിക്കുന്നതിന് മുമ്പ് മൃഗഡോക്ടറില്‍ നിന്നും നാട്ടാന പൂര്‍ണ ആരോഗ്യവാനാണെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉത്സവസമിതി ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഉത്സവം നടക്കുന്നതിന് 72 മണിക്കൂറെങ്കിലും മുമ്പ് തന്നെ ആനയുടെ എഴുന്നളളത്തിനെക്കുറിച്ച് പോലീസ്, റവന്യൂ, ഫോറസ്റ്റ് അധികൃതരെ അറിയിച്ചിരിക്കണം. ഉത്സവത്തിന് പങ്കെടുപ്പിക്കുന്ന ആനകള്‍ക്ക് വെളളവും ഭക്ഷണവും കൃത്യമായി നല്‍കിയിരിക്കണം. പാപ്പാന്‍ മദ്യലഹരിയില്‍ ആയിരിക്കാന്‍ പാടില്ല. അനാവശ്യമായി ആനയെ പീഡിപ്പിക്കുകയോ അടിക്കുകയോ ചെയ്യരുത്. ഉത്സവത്തിന് 50 കി.മീ ദൂരെ നിന്ന് ആനയെ കൊണ്ടുവരുന്നതാണെങ്കില്‍ ലോറിയില്‍ എത്തിക്കേണ്ടതാണ്. ആനക്കെതിരെ നടക്കുന്ന ക്രൂരതകള്‍ ഒരു തരത്തിലും അനുവദിക്കുന്നതല്ല. പരിപാല ചട്ടങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കുന്നതും, ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതിനും ഓരോ ജില്ലയിലും സമിതിയും രൂപവത്കരിച്ചിരിച്ചിരുന്നു. സമിതിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കണ്‍വീനറുമാണ് .ജില്ലാ പോലീസ് സൂപ്രണ്ട് , എസ് പി സി ഇ അംഗങ്ങള്‍, ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ഫയര്‍ഫോഴ്‌സ് അധികൃതര്‍ എന്നിവര്‍ സമിതി അംഗങ്ങളുമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ സമിതിയുടെ മുമ്പില്‍ ഉല്‍സവ സമയത്ത് മാത്രമാണ് ആനകളെ ഹാജരാക്കിയിരുന്നത്. ചെറിയ പൂരങ്ങള്‍, ഉല്‍സവങ്ങള്‍ എന്നിവക്ക് ആനയെ ഹാജരാക്കുകയില്ല. സംസ്ഥാനത്ത് ക്ഷേത്രം, ദേവസ്വം, വ്യകതികള്‍ എന്നിവരുടെ ഉടമസ്ഥതയിലായി 599 ആനകളാണ് ഉള്ളത്. അതേസമയം ഈ 2012ലെ നാട്ടാനപരിപാല ചട്ടനിയമനുസരിച്ച് അവക്ക് മൈക്രോ ചിപ്പ് ധരിപ്പിച്ചിട്ടുണ്ടെന്നും രജിസ്‌ട്രേഷന്‍ നടത്തി ഡാറ്റാ ബുക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ ആര്‍ ബസന്തും,സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജോജി സ്‌കറിയയും വ്യകതമാക്കി .

Latest