Connect with us

Editorial

ഹെറാള്‍ഡ് വിവാദവും പാര്‍ലിമെന്റ് നടപടികളും

Published

|

Last Updated

നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പാര്‍ലിമെന്റ് നടപടികള്‍ സ്തംഭനത്തിലാണ്. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നലെന്നുമാരോപിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ സഭകളുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും നടപടികള്‍ തടസ്സപ്പെടുത്തുകയുമായിരുന്നു. കേസില്‍ വിചാരണക്കായി സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ടു ഹാജരാകണമെന്ന് ഡല്‍ഹി മെട്രോ പോളിറ്റന്‍ കോടതി ഉത്തരവിടുകയും ഈ സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈക്കോടതി നിരാകരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നത്തിന് ചൂടുപിടിച്ചത.് 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ചതും സാമ്പത്തിക പരാധീനതമൂലം 2008ല്‍ അടച്ചുപൂട്ടിയതുമായ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലുമുള്ള ആസ്തികള്‍, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യംഗ് ഇന്ത്യ കമ്പനി വിലക്കെടുത്തതാണ് കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസിന്റെ ഫണ്ടില്‍ നിന്ന് പലിശരഹിത വായ്പയായി എടുത്ത 90 കോടി രൂപ കൊണ്ടാണ് ഇത് വാങ്ങിയത്. യംഗ് ഇന്ത്യയുടെ 38 ശതമാനം ഷെയര്‍ സോണിയക്കും 38 ശതമാനം രാഹുലിനും ബാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, ട്രഷറര്‍ മോത്തിലാല്‍ വോറ, നാഷനല്‍ ഹെറാള്‍ഡിന്റെ എഡിറ്ററായിരുന്ന സുമന്‍ ഡുബെ, ഐ ടി രംഗത്തെ പ്രശസ്തന്‍ സാം പിത്രോദ എന്നിവര്‍ക്കുമാണ്. ഈ കൈമാറ്റത്തില്‍ നിയമാനുസൃതമല്ലാത്ത ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നത്.
2012 നവംബറില്‍ സുബ്രഹ്മണ്യം സ്വാമി ജനതാ പാര്‍ട്ടി നേതാവായിരിക്കെയാണ് നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തികള്‍ യംഗ് ഇന്ത്യ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി രംഗത്തുവരുന്നത്. കേസില്‍ സോണിയയും രാഹുലും ഉള്‍പ്പെടെയുള്ളവര്‍ പ്രതി ചേര്‍ക്കപ്പെട്ടത് യു പി എ സര്‍ക്കാറിന്റെ കാലത്തുമാണ്. എന്നിരിക്കെ കേസിന്റെ പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. അതേസമയം കേസില്‍ തെളിവില്ലെന്ന് കണ്ട് മുന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ രാജന്‍ കട്ടോച്ചി കേസ് അവസാനിപ്പിച്ചതാണെന്നാണ് കോണ്‍ഗ്രസ് വാദം. കേസ് വീണ്ടും കുത്തിപ്പൊക്കി സോണിയയെയും രാഹുലിനെയും അപകീത്തിപ്പെടുത്താന്‍ രാജന്‍ കട്ടോച്ചിയെ മാറ്റി തത്സ്ഥാനത്ത് കര്‍ണാല്‍ സിംഗിനെ നിയമിക്കുയായിരുന്നു. സുബ്രഹ്മണ്യ സ്വാമിയുടെ ആവശ്യപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസാണ് കഴിഞ്ഞ ആഗസ്തില്‍ ഡയറക്ടറെ മാറ്റിനിയമിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പുതിയ ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സോണിയയോടും രാഹുലിനോടും ഹാജരാകാകാന്‍ ആവശ്യപ്പെട്ടത്.
സര്‍ക്കാറുകള്‍ മാറി വരുമ്പോള്‍ പഴയ കേസുകള്‍ പൊടിതട്ടിയെടുത്ത് മുന്‍ ഭരണാധികാരികളെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണത സാധാരണമാണെന്നിരിക്കെ കോണ്‍ഗ്രസിന്റെ ആരോപണം പാടേ നിരാകരിക്കാവതല്ല. എങ്കില്‍ തന്നെയും കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി ബി ജെ പിയുടെ ആശയപാപ്പരത്തം തുറന്നു കാണിക്കുകയല്ലാതെ പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുകയാണോ അതിനുള്ള പ്രതിവിധി? അത് ജനാധിപത്യപരമായ മാര്‍ഗമല്ല. രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമുള്ളതാണ് പാര്‍ലിമെന്റ.് ഒരു ദിവസത്തെ സഭാനടപടികള്‍ തടസ്സപ്പെടുമ്പോള്‍ പൊതുഖജനാവിലെ കോടികളാണ് വൃഥാവിലാകുന്നത്.
സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധ സമരത്തില്‍ മറ്റെല്ലാ വഴികളും അടയുമ്പോള്‍ അവസാനത്തെ ആയുധമായാണ് മുന്‍ കാലങ്ങളില്‍ സഭാസ്തംഭനം പോലെയുള്ള നടപടികളിലേക്ക് കടന്നിരുന്നത്. ഇന്ന് പക്ഷേ, തുടക്കം തന്നെ സഭാസ്തംഭനം കൊണ്ടായി മാറിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളില്‍ പാര്‍ലിമെന്റ് സമാധാനപരമായി സമ്മേളിച്ച ദിനങ്ങള്‍ വളരെ കുറവാണ്. യു പി എ ഭരണ കാലത്ത് 2ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിഷയങ്ങളില്‍ ആഴ്ചകളാണ് അന്നത്തെ പ്രതിപക്ഷമായ ബി ജെ പി ലോക്‌സഭാ നടപടികള്‍ സ്തംഭിപ്പിച്ചത്. കല്‍ക്കരി പ്രശ്‌നത്തില്‍ പാര്‍ലമെന്റിന്റെ ഒരു സെഷന്‍ മൊത്തം അന്ന് തടസ്സപ്പെടുകയുണ്ടായി. ലളിത് മോദി വിഷയവുമായി ബന്ധപ്പെട്ട വാഗ്വാദം പാര്‍ലിമെന്റിന്റെ ഇക്കഴിഞ്ഞ വര്‍ഷ കാലസമ്മളനവും വൃഥാവിലാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ ബഹളം 25 കോണ്‍ഗ്രസ് എം പിമാരുടെ സസ്‌പെന്‍ഷനിലാണ് കലാശിച്ചത്. ഇത്തരത്തില്‍ പാര്‍ലിമെന്റ് നടപടികള്‍ നിരന്തരം തടസ്സപ്പെടുന്ന പ്രവണതക്ക് സ്ഥായിയായ പരിഹാരം ആവശ്യമാണ്. പാര്‍ലിമെന്റിന്റെ മാന്യത കാത്തുസൂക്ഷിക്കുന്നതിലും അതിന്റെ വിജയകരമായ നടത്തിപ്പിലും പ്രതിപക്ഷത്തിനും സര്‍ക്കാറിനും ഒരുപോലെ ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ താത്പര്യം മുന്‍നിറുത്തിയുള്ള വാഗ്വാദങ്ങളും പോര്‍വിളികളും കൈയാങ്കളികളുമല്ല, നാടും ജനങ്ങളും അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന തരത്തിലുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമാണ് സഭയില്‍ നടക്കേണ്ടത്.