വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ആദ്യ ഹോസ്പിറ്റല്‍ അല്‍ ഖോറില്‍

Posted on: December 11, 2015 10:32 pm | Last updated: December 11, 2015 at 10:32 pm
SHARE
വി പി എസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശംസീര്‍  വയലില്‍,  ശൈഖ് അബ്ദുല്ല അഹ്മദ് ജാസിം അല്‍ താനി എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍
വി പി എസ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ശംസീര്‍ വയലില്‍, ശൈഖ് അബ്ദുല്ല അഹ്മദ് ജാസിം അല്‍ താനി എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍

ദോഹ: അബുദാബി ആസ്ഥാനമായ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പ് വി പി എസ് ഹെല്‍ത്ത് കെയര്‍ ഖത്വറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ആദ്യ സംരംഭമായ ബുര്‍ജീല്‍ ഹോസ്പിറ്റല്‍ അല്‍ ഖോറില്‍ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. 2018 ആദ്യത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ ധാരണാപത്രം ദോഹ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഒപ്പുവെച്ചു. വി പി എസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ശംസീര്‍ വയലിലും ശൈഖ് അബ്ദുല്ല അഹ്മദ് ജാസിം അല്‍ താനിയുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്. ആശുപത്രി ശൃംഖലകള്‍ക്കു പുറമെ മെഡിക്കല്‍ സെന്ററുകളും ഫാര്‍മസികളും വി പി എസ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ് സംരഭവുമുണ്ട്.
അല്‍ഖോറില്‍ ചികിത്സാ സംവിധാനം കുറവായതിനാലാണ് പ്രഥമ സംരംഭം അവിടെ തുടങ്ങുന്നതെന്ന് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ സി ഇ ഒ ക്ലാന്‍സി പോ വ്യക്തമാക്കി. 88 കിടക്കകളുള്ള ആശുപത്രിയുടെ പണി അടുത്ത മാസം ആരംഭിക്കും. 20,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ആശുപത്രി ഒരുങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും വൈദഗ്ധ്യം തെളിയിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും. ഓങ്കോളജി, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, പീഡിയാട്രിക്‌സ്, കാര്‍ഡിയോളജി ആന്‍ഡ് കാര്‍ഡിയാക് സര്‍ജറി, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗങ്ങളുണ്ടാവും.
ഓങ്കോളജി വിഭാഗമുള്ള ഖത്വറിലെ ആദ്യ സ്വകാര്യ ആശുപത്രിയായിരിക്കും ഇത്. ഐ സി യു, എന്‍ ഐ സിയു, ഓപറേറ്റിംഗ് റൂം, ഡെലിവറി സ്യൂട്ട് എന്നിവയും സജ്ജീകരിക്കും. മികച്ച നിലവാരത്തിലുള്ള ചികിത്സയും ശ്രദ്ധയും രോഗികള്‍ക്ക് നല്‍കും. പ്രാദേശികവും അന്തര്‍ദേശീയവുമായ സംഗീതവും റഫ്രഷ്‌മെന്റുമുണ്ടാകും. കിടത്തി ചികിത്സക്കുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്, പ്രീമിയര്‍, ഡീലക്‌സ് മുറികളുണ്ടാകും. 256 വാഹനങ്ങള്‍ക്കുള്ള പാര്‍കിംഗ് സൗകര്യമൊരുക്കും. വാലെറ്റ് പാര്‍കിംഗ് സംവിധാനവമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതികമായ സംവിധാനങ്ങള്‍ക്ക് പുറമെ വൈദ്യശാസ്ത്രത്തിന് പാകമായ രീതിയിലാണ് കെട്ടിടം പണി നടത്തുകയെന്ന് വിപിഎസ് ഗ്രൂപ്പിന്റെ ഡിസൈനര്‍ ആയ എന്‍ജിനീയര്‍ മിസ്ബാഹ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here