സുവര്‍ണ ചകോരം ഒറ്റാലിന്

Posted on: December 11, 2015 11:30 pm | Last updated: December 11, 2015 at 11:30 pm

jayaraj, iffk....tvmതിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇരുപത് വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മലയാളചിത്രത്തിന് സുവര്‍ണ ചകോരം. ആര്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരമടക്കം നാല് അവാര്‍ഡുകള്‍ തൂത്തുവാരി. മികച്ച സംവിധായകന് നാല് ലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്ന രജതചകോരം ഫിലിപ്പൈന്‍ ചിത്രമായ ഷാഡോ ബിഹൈന്‍ഡ് ദ മൂണിലൂടെ ജൂന്‍ റോബ്ള്‍സ്‌ലാനക്ക് ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ബംഗ്ലാദേശ് സംവിധായകന്‍ അബുഷാഹിദ് ഇമോന്‍ (ചിത്രം- ജലാല്‍സ്‌സ്റ്റേറി) ആണ് നേടിയത്. മൂന്നുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയതാണ് ഈ അവാര്‍ഡ്.
ചലച്ചിത്ര നിരൂപകരുടെ രാജ്യാന്തര സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, പ്രേക്ഷകരുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ,് ഏഷ്യന്‍ സിനിമയുടെ പ്രോത്സാഹനത്തിനുള്ള നെറ്റ്പാക് എന്ന സംഘടനയുടെ മികച്ച മലയാളചിത്രം എന്നിവയാണ് ഒറ്റാലിനു ലഭിച്ചത്.
ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിയ്ക്കാണ് ആജീവനാന്ത നേട്ടത്തിനുള്ള അവാര്‍ഡ്. ഫിപ്രസിയുടെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനു ലഭിച്ചു. ഒറ്റാലിലെ അഭിനയത്തിന് കുമരകം വാസുദേവനും ബാലതാരമായ അശാന്ത് കെ ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.